25 മീറ്ററോളം വിണ്ടുകീറി
വടുകുന്ദ ക്ഷേത്ര തടാകവും അപകടത്തിൽ.
വീടുകൾക്കും ഭീഷണി
പഴയങ്ങാടി:ഔഷധ സസ്യങ്ങളുടെ വിളനിലവും പ്രകൃതി രമണീയവുമായ മാടായിപ്പാറ വിണ്ടുകീറുന്നു.പാറയുടെ പടിഞ്ഞാറ് ഭാഗത്ത് 25 മീറ്ററോളം വിണ്ടുകീറലിലൂടെ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടാകുവാനുള്ള സൂചനയാണോ എന്ന ഭീതിയിലാണ് നാട്ടുകാർ. പാറയുടെ താഴ് വാരങ്ങളിൽ ചൈനക്ലേ കമ്പനി നടത്തിയ നിരന്തര ഖനനത്തിന്റെ പ്രതിഫലനമാണ് ഈ വിണ്ടുകീറൽ പ്രതിഭാസത്തിന് കാരണമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.
പാറയുടെ സമീപത്തായുള്ള നൂറ് കണക്കിന് വീടുകൾക്ക് ഭീഷണി ഉയർത്തിക്കൊണ്ടാണ് പാറയുടെ വിള്ളൽ തുടരുന്നത്. മാടായിലെ തന്നെ ഏറ്റവും വലിയ ജലസംഭരണിയായ മാടായിപ്പാറയിലെ വടുകുന്ദ ക്ഷേത്ര താടാകവും ഭീഷണിയുടെ നിഴലിലാണ്. വിള്ളൽ തുടർന്നാൽ കൊടുംവേനലിൽ പോലും വറ്റാത്ത വടുകുന്ദ തടാകം തന്നെ ഇല്ലാതാവും.സമുദ്ര നിരപ്പിൽ നിന്ന് 200 അടിയോളം ഉയരത്തിൽ നിൽക്കുന്നതാണ് വിശ്വാസവും പ്രകൃതിരമണിയതയും സമന്വയിച്ചുനിൽക്കുന്ന വടുകുന്ദ തടാകം. തടാകത്തിലെ ജലം കുടിവെള്ളത്തിന് പോലും അനുയോജ്യമാണെന്ന് പരിശോധനയിൽ കണ്ടെത്തിയതാണ്. മാടായിപ്പാറയിലെ പക്ഷിമൃഗാതികൾക്കുള്ള കുടിവെള്ളം ലഭിക്കുന്നത് ഈ തടാകത്തിൽ നിന്നാണ്.ചരിത്ര പ്രസിദ്ധമായ പൂരംകുളി ആറാട്ടും ഇവിടെയാണ്. ഉടമസ്ഥരായ ചിറക്കൽ ദേവസ്വവും ഈ അപകടാവസ്ഥയെ ഗൗനിച്ചിട്ടില്ല. വർഷങ്ങളായി വിള്ളൽ പ്രതിഭാസം കണ്ടുതുടങ്ങിയിട്ടെന്നാണ് നാട്ടുകാർ പറയുന്നത്.
ബൈറ്റ്
മാടായിപ്പാറയിലെ വിള്ളൽ അതീവഗുരുതരമായി അധികൃതർ കാണണം.ഇത് തുടർന്നാൽ പ്രസിദ്ധമായ വടുകുന്ദ തടാകവും ഇല്ലാതാവും.വിള്ളൽ ഉണ്ടായ പ്രദേശത്ത് കരിങ്കല്ല് കൊണ്ട് ഭിത്തി കെട്ടിയും താഴ് വരയിൽ മരങ്ങൾ വച്ച് പിടിപ്പിച്ചും ഇതിന് തടയിടേണ്ടതാണ്- പി. പി. കൃഷ്ണൻ ( മാടായിപ്പാറ സംരക്ഷണ സമതി ചെയർമാൻ )