pookkal
പൂത്തുലഞ്ഞ് നിൽക്കുന്ന പൂക്കൾ സഹകരണ ഉദ്യോഗസ്ഥർ സന്ദർശിക്കുന്നു

പയ്യന്നൂർ: കർഷകരുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് പ്രവർത്തനമെങ്കിലും, കാർഷിക വൃത്തിയും തങ്ങൾക്ക് അന്യമല്ലെന്ന് തെളിയിച്ച് പയ്യന്നൂർ താലൂക്ക് കാർഷിക വികസന ബാങ്ക് ജീവനക്കാർ. പെരുമ്പയിലുള്ള ബാങ്കിന്റെ മട്ടുപ്പാവിൽ കൃഷി ചെയ്ത ചെണ്ട് മല്ലി പൂത്തുലഞ്ഞ് വിളവെടുപ്പിന് തയ്യാറായി.

ഇന്ന് രാവിലെ 11 മണിക്ക് ടി.വി. രാജേഷ് എം.എൽ.എ. വിളവെടുപ്പ് ഉദ്ഘാടനം ചെയ്യും.

ഓണക്കാലം ലക്ഷ്യമിട്ട് ജൂൺ 15ന് ആണ് 200 ഗ്രോ ബാഗുകളിലായി ചെണ്ട് മല്ലി തൈകൾ നട്ടത്. എഴുപത് ദിവസം കൊണ്ട് ചെടികൾ വളർന്ന് മഞ്ഞയും ഓറഞ്ചും നിറങ്ങളിലായുള്ള ചെണ്ട് മല്ലികൾ പൂത്തുലഞ്ഞ് മനം കുളിർക്കുന്ന കാഴ്ച കാണാൻ നിരവധി പേരാണ് ദിവസവും ബാങ്ക് സന്ദർശിക്കുന്നത്. കഴിഞ്ഞ ദിവസം സഹകരണ സംഘം ജോയിന്റ് റജിസ്ട്രാർ കെ. രാജേന്ദ്രൻ, അസി: റജിസ്ട്രാർ എൻ.കെ മോഹൻരാജ് തുടങ്ങിയ സഹകരണ സംഘം ഉന്നത ഉദ്യോഗസ്ഥർ ബാങ്ക് സന്ദർശിക്കുകയും,

ഒഴിച്ചിടുന്ന മട്ടുപ്പാവിലെ സ്ഥലം ഉപയോഗിച്ച് ഇത്തരത്തിൽ നയന മനോഹരമായ പൂ കൃഷി ഒരുക്കിയ ജീവനക്കാരെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

കെ.വി. ഗോവിന്ദൻ പ്രസിഡന്റായ ഭരണ സമിതിയാണ് ബാങ്കിന്റെ ഭരണം നടത്തുന്നത്. ബാങ്ക് സെക്രട്ടറി വി.വി.പ്രിൻസ്, സെയിൽസ് ഓഫീസർ വി.വി.സോഹൻലാൽ, പി. അജിത്ത്, എം.മധു തുടങ്ങി ബാങ്കിലെ മുഴുവൻ ജീവനക്കാരും കൃഷി പരിപാലിക്കുന്നതിൽ തങ്ങളുടെതായ പങ്ക് വഹിക്കുകയുണ്ടായി.

പ്രാദേശികമായി വിപണി കണ്ടെത്തി പൂവ് വിൽപ്പന നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ബാങ്ക് സെക്രട്ടറി വി.വി.പ്രിൻസ് പറഞ്ഞു.