തലശേരി: പാലാരിവട്ടം മേൽപ്പാലത്തിന്റെ തകർച്ച കാരണമുണ്ടായ വിവാദങ്ങൾക്കിടെ തലശ്ശേരി - മാഹി ബൈപാസിൽ നിർമ്മിക്കുന്ന മേൽപ്പാലത്തിന്റെ നാല് ബീമുകൾ തകർന്നു. നിട്ടൂരിനടുത്ത് ബാലത്തിൽ നിർമ്മിക്കുന്ന ബീമുകളാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ തകർന്നത്. ഈ സമയം എട്ട് തൊഴിലാളികൾ പാലത്തിലുണ്ടായിരുന്നെങ്കിലും ആളപായമുണ്ടായില്ല. ഒരു ബീം നിർമ്മാണത്തിലിരിക്കുന്നതും മറ്റുള്ളവ പൂർത്തിയാക്കിയവയുമാണ്. നിർമ്മാണത്തിലെ അപാകതയാണ് തകർച്ചയ്‌ക്ക് കാരണമെന്നാണ് കരുതുന്നത്. പെരുമ്പാവൂർ ആസ്ഥാനമായ ഇ.കെ.കെ കൺസ്ട്രക്ഷനാണ് കരാർ എടുത്തിരിക്കുന്നത്. നാല് പാലങ്ങളാണ് ഇവിടെ നിർമിക്കുന്നത്. അതിൽ ഒന്നാണ് തകർന്നത്. ഡിസംബറിൽ ബൈപാസ് പൂർത്തിയാകാനിരിക്കെയാണ് സംഭവം. പാലവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ 2020 മാർച്ചിനുള്ളിൽ പൂർത്തിയാക്കേണ്ടതായിരുന്നു. 853 കോടിയാണ് പാലം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ചത്.
ബൈപാസ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തുകയാണ്. തലശ്ശേരി-മാഹി ബൈപാസിന്റെ ഉദ്ഘാടനം 2018 ഒക്ടോബർ 30നാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർവഹിച്ചത്. മുഴുപ്പിലങ്ങാട് മുതൽ അഴിയൂർ വരെ പതിനഞ്ചര കിലോമീറ്ററിലാണ് ബൈപാസ് നിർമ്മിക്കുന്നത്.
നാൾവഴികൾ
സ്ഥലം ഏറ്റെടുക്കൽ തുടങ്ങിയത്-1977
നിർമ്മാണം തുടങ്ങിയത്- 2017
മതിപ്പ് ചെലവ്- 883 കോടി രൂപ
പൂർത്തിയാകുമ്പോൾ-1330 കോടി
നാല് വരി പാതയുടെ വീതി- 45 മീറ്റർ
പാലയാട്, ധർമ്മടം, എരഞ്ഞോളി മയ്യഴിപ്പുഴ 870 മീറ്റർ നീളത്തിൽ പാലം
കലുങ്കുകൾ- 56
മന്ത്രി റിപ്പോർട്ട് തേടി
കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ഹൈവേ അതോറിട്ടി നിർമ്മിക്കുന്ന തലശേരി-മാഹി ബൈപാസിലെ പാലത്തിന്റെ ബിമുകൾ തകർന്ന സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയപാത അതോറിട്ടി റീജിയണൽ ഡയറക്ടർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു.