തലശേരി :അതിവേഗതയിൽ പ്രവൃത്തി പുരോഗമിക്കുന്ന കണ്ണൂരിന്റെ സ്വപ്നപദ്ധതിയായ തലശ്ശേരി -മാഹി ബൈപാസ് ഈ വർഷാന്ത്യത്തോടെ പൂർത്തിയാക്കാൻ തിരക്കിട്ട നീക്കം നടക്കുന്നതിനിടെ പാലത്തിന്റെ ബീമുകൾ തകർന്നത് ആശങ്കയ്ക്കിടയാക്കി. ഡിസംബറിൽ പണി പൂർത്തിയാക്കി പാലം ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് കരാറുകാർക്ക് നിർദേശം നൽകിയിരുന്നു. കനത്ത മഴയും കൊവിഡും നിർമ്മാണത്തിന് തടസ്സമായെങ്കിലും കഴിഞ്ഞ ഒരു മാസമായി നിർമ്മാണം വേഗത്തിലാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു.
ധർമ്മടം ചിറക്കുനിയിൽ നിന്ന് മണ്ണയാട് ബാലത്തേക്ക് പോകുന്ന പാലത്തിന്റെ നാല് ബീമുകളാണ് തകർന്നത്.
മങ്ങാട് അണ്ടർ ബ്രിഡ്ജിന്റെ പണി പുരോഗമിക്കുന്നു. റോഡ് കടന്നു പോകുന്ന പുഴകളിലെ പാലങ്ങൾക്കെല്ലാം ഇതിനകം പൈലിംഗ് നടത്തി തൂണുകൾ സ്ഥാപിച്ച് കോൺക്രീറ്റ് ചെയ്യാനുള്ള പണികളും നടന്നുവരികയാണ്.ഇരു ഭാഗത്തും സർവ്വീസ് റോഡ് ഉണ്ടാകും. ചിറക്കുനിയിൽ മേൽപാലം നിർമ്മാണം പൂർത്തിയായതായിരുന്നു. പന്ത്രണ്ട് മേൽപാലങ്ങളാണ് നിർമ്മിക്കുന്നത്. ബാലം, കൊളശേരി .ചോനാടം കണ്ടിക്കൽ ,പാറാൽ എന്നിവടങ്ങളിൽ മേൽപാലത്തിന്റെ പണി പുരോഗമിച്ച് വരികയാണ്. പുഴകൾക്ക് കുറുകെ നാലുപാലങ്ങളാണ് പണിയുന്നത്.ഇതിൽ മൂന്നെണ്ണത്തിന്റെ നിർമ്മാണം ത്വരിതഗതിയിലാണ്. .പാലയാട് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം 900 മീറ്റർ നീളത്തിലാണ് പാലം നിർമ്മിച്ചത് .പെരുമ്പാവൂരിലെ ഇ.കെ.കെ ഇൻഫ്രാസ്ട്രക്ച്ചർ പബ്ലിക് ലിമിറ്റഡാണ് കരാറുകാർ.
പെട്ടെന്ന് തീർക്കാൻ സമ്മർദ്ദം
പ്രതികുല സാഹചര്യങ്ങളിൽ പലതവണ നിർത്തിവെക്കേണ്ടി വന്ന പണി പെട്ടെന്ന് തന്നെ പൂർത്തിയാക്കണമെന്ന് സർക്കാർ സമ്മർദ്ദം കരാറുകാർക്ക് നേരിടേണ്ടിവന്നിട്ടുണ്ടെന്ന് നാട്ടുകാരിൽ ചിലർ പറയുന്നു. ഉത്തര മലബാറിന്റെ വികസനത്തിന്റെ നാഴികക്കല്ലായ മുഴപ്പിലങ്ങാട് മാഹി ബൈപാസ് പ്രവൃത്തി ഘട്ടം ഘട്ടമായി പുനരാരംഭിച്ചത് അടുത്തിടെയാണ്.മഴ കാരണം കഴിഞ്ഞ ജൂണിലാണ് പ്രവൃത്തി നിറുത്തിവെച്ചത്.
മണ്ണിടിച്ചലും പരിസരത്തെ റോഡുകളിൽ പാതയിൽ നിന്ന് ചെളി ഒഴുകി വന്ന് നിറയുന്നതും ഏറെ പരാതിക്കിടയാക്കിയിരുന്നു.കഴിഞ്ഞ ആഗസറ്റിൽ ഉണ്ടായ പ്രളയത്തിൽ വെള്ളം ഒഴിഞ്ഞു പോകാതെ കിടന്നതിന് കാരണം ബൈപാസ് പാതയുടെ പണി നടക്കുന്നതിനാലാന്നെന്നും വിമർശനം ഉയർന്നിരുന്നു. പാതയിലേക്ക് മണ്ണുമായി എത്തിയ ടോറസ് ലോറികളും ഇതുമൂലം കുടുങ്ങി തുടങ്ങി.ഇതോടെയാണ് കഴിഞ്ഞ ജൂണിൽ പ്രവൃത്തി നിർത്തിവച്ചത്. കോവിഡും കൂടി പടർന്നതോടെ അഞ്ഞൂറിൽ പരം ഇതര സംസ്ഥാന തൊഴിലാളികളും നാട്ടിലേക്ക് മടങ്ങിയിരുന്നു.
എന്നാൽ മഴ ശമിച്ചതോടെ ചോനാടം, എരഞ്ഞോളി, മുഴപ്പിലങ്ങാട് ഭാഗങ്ങളിൽ പ്രവൃത്തി പുനരാരംഭിച്ചു.നാട്ടിലേക്ക് മടങ്ങിയ തൊഴിലാളികളും എത്തിത്തുടങ്ങി.
മാഹി-തലശ്ശേരി ബൈപാസ്
മുഴപ്പിലങ്ങാട് - അഴിയൂർ : 18.6 കിലോ മീറ്റർ
നാല് വരി പാത- 45 മീറ്റർ
പാലയാട്, ധർമ്മടം, എരഞ്ഞോളി മയ്യഴിപ്പുഴ - 870 മീറ്റർ നീളത്തിൽ പാലം
കലുങ്കുകൾ - 56
നാൾവഴികൾ സ്ഥലം ഏറ്റെടുക്കൽ തുടങ്ങിയത് - 1977 നിർമ്മാണം തുടങ്ങിയത് - 2017 മതിപ്പ് ചെലവ്- 883 കോടി രൂപ പൂർത്തിയാകുമ്പോൾ- 1330 കോടി