കണ്ണൂർ: തടവുചാടിയ പ്രതിക്ക് കൊവിഡ് പോസിറ്റീവ്. തോട്ടടയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ റിമാൻഡിലിരിക്കെ കഴിഞ്ഞ ജൂണിൽ തടവുചാടിയ ശേഷം ദിവസങ്ങൾക്കുമുമ്പ് പിടിയിലായ കാസർകോട് കൂളിക്കുന്ന് സ്വദേശി മാങ്ങാട്ടുവീട്ടിൽ റംസാൻ സൈനുദ്ദീനാണ് (22) കൊവിഡ് സ്ഥിരീകരിച്ചത്.
തുടർന്ന് കാസർകോട് സി.ഐ ഉൾപ്പെടെ പത്തു പൊലീസുകാർ ക്വാറന്റൈനിൽ പ്രവേശിച്ചു. തോട്ടടയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ ജൂണിൽ തടവുചാടിയ പ്രതിയെ കാസർകോട് പൊലീസാണ് പിടികൂടിയത്. തുടർന്ന് ഇയാളെ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച റംസാൻ ഇവിടെ നിന്നും വീണ്ടും രക്ഷപ്പെടുകയും ചെയ്തു. ചൊവ്വാഴ്ചയാണ് ഇയാളുടെ പരിശോധനാഫലം വന്നത്. ഇതോടെ കണ്ണൂരിലുള്ള പൊലീസുകാരും ആശങ്കയിലാണ്. വളപട്ടണത്ത് മിനിലോറി കവർച്ചചെയ്ത കേസിൽ വളപട്ടണം പൊലീസാണ് റംസാനെ അറസ്റ്റ് ചെയ്തത്.