കണ്ണൂർ: കൊവിഡ് പശ്ചാത്തലത്തിൽ കടകളുടെ പ്രവർത്തന സമയം ആറിൽ നിന്ന് രാത്രി ഒമ്പത് വരെയാക്കിയിട്ടും
പൊലീസ് ആറിനു ശേഷം കടയടപ്പിക്കുന്നത് വ്യാപാരികളിൽ പ്രതിഷേധത്തിനിടയാക്കുന്നു. സർക്കാർ അനുമതി ഉണ്ടെന്ന് അറിയിച്ചിട്ടും അത്തരം ഉത്തരവുകൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ മറുപടി.
കണ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കടകൾ ഇത്തരത്തിൽ അടപ്പിച്ചിട്ടുണ്ട്. കൊവിഡ് ലോക്ക് ഡൗണിലും തുടർന്നുണ്ടായ നിയന്ത്രണങ്ങളിലും കടുത്ത നഷ്ടം നേരിട്ട വ്യാപാരികൾക്ക് ഒാണക്കാല വിൽപനയിലായിരുന്നു പ്രതീക്ഷ.
മാത്രമല്ല ഒരു വാർഡിലെ ഒരാൾക്ക് മാത്രം കൊവിഡ് റിപ്പോർട്ട് ചെയ്താൽ ആ വാർഡ് തന്നെ അടച്ചിടുന്നത് സർക്കാരും കളക്ടറും ഇടപെട്ട് നിർത്തലാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു. ഒരു റോഡിന്റെ രണ്ടു വശങ്ങളിലായുള്ള കടകളിൽ ഒരു വശത്തേത് തുറന്നും മറ്റുള്ളവ അടച്ചും ഇടുന്നത് അശാസ്ത്രീയമാണെന്നും ഇവർ ആരോപിക്കുന്നു. ഇത് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയുമില്ലാത്ത സ്ഥിതിയാണ്. ഇരിട്ടി, തളിപ്പറമ്പ്, കുറുമാത്തൂർ തുടങ്ങിയ സ്ഥലങ്ങൾ ആഴ്ചകളായി അടച്ചിട്ടിരിക്കുകയാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു
സമയം നീട്ടണം
സാധനങ്ങൾ വാങ്ങാൻ ചുരുങ്ങിയ സമയം മാത്രം ഉണ്ടാകുമ്പോൾ കടകളിൽ ആളുകളുടെ തിക്കും തിരക്കും കാരണം കൊവവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ സാധിക്കില്ല. അതേ സമയം കുറച്ചുകൂടി സമയം കൊടുത്താൽ സുരക്ഷിതമായും സൗകര്യമായും സാധനങ്ങൾ വാങ്ങാൻ സാധിക്കും. ഒാണത്തിന് മുന്നേയുള്ള കുറച്ചു ദിവസത്തേക്കെങ്കിലും കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് രാത്രി ഒമ്പതു വരെ സാധനങ്ങൾ വിൽക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
സർക്കാരിന്റെ കൊവിഡ് ജാഗ്രതാപ്രവർത്തനങ്ങളോട് പൂർണ്ണ പിന്തുണ അറിയിക്കുന്നു. വ്യാപര മേഖലയിലെ പ്രതിസന്ധിയും ഒാണം സീസണും കണക്കിലെടുത്ത് ഒാണത്തോടടുത്തുള്ള കുറച്ച് ദിവസത്തേങ്കിലും കടകൾ തുറക്കാൻ അനുവദിക്കണം. സർക്കാർ ഉത്തരവ് വന്നിട്ടില്ലെന്ന് പറഞ്ഞാണ് പൊലീസ് വൈകീട്ട് ആറിന് ശേഷം കടയടപ്പിക്കുന്നത്.
വി. ഗോപിനാഥൻ, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ്