നീലേശ്വരം: പാലായി വളളിക്കുന്നുമ്മൽ പാടാർകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ സാക്ഷാൽ പള്ളിയറ കത്തി നശിച്ചു. വ്യാഴാഴ്ച രാത്രി 9.30 മണിയോടെയാണ് സാക്ഷാൽ പള്ളിയറക്ക് തീപിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട ക്ഷേത്രത്തിന്റെ പരിസരവാസികൾ നാട്ടുകാരെ വിളിച്ച് വരുത്തി തീ അണയുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ നീലേശ്വരം പൊലീസും കാഞ്ഞങ്ങാട് നിന്നെത്തിയ അഗ്നിശമന സേനയും കൂടിയാണ് തീ പൂർണമായി അണച്ചത്. അപ്പോഴേക്കും പള്ളിയറ പൂർണ്ണമായും കത്തിനശിച്ചിരുന്നു. വിളക്കിൽ നിന്ന് തിരി പടർന്നതായിരിക്കാമെന്ന് കരുതുന്നു. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ഫോറൻസിക്ക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.