കാഞ്ഞങ്ങാട്: എൽ.പി,​ യു.പി അദ്ധ്യാപക പരീക്ഷയിൽ നിന്ന് മലയാളം ഒഴിവാക്കിയ നടപടി വിവാദമാകുന്നു. ചോദ്യങ്ങൾ മലയാളത്തിലാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും പഠന വിഷയങ്ങളിൽ മലയാളമില്ല. നവംബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷയിൽ യു.പി വിഭാഗത്തിന് 10 മാർക്കിനുള്ള ഇംഗ്ലീഷ് ഭാഷയിലുള്ള ചോദ്യങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ ഇതിലും മലയാളത്തെ പരിഗണിച്ചിട്ടില്ല. ഭാഷയുടെയും മറ്റ് വിഷയങ്ങളുടെയും അടിത്തറ രൂപീകരിക്കുന്ന പ്രൈമറി ക്ലാസുകളിൽ പഠിപ്പിക്കാൻ ഭാഷ എഴുതാനും വായിക്കാനും മാത്രം അറിഞ്ഞാൽ മതി എന്ന തീരുമാനം അശാസ്ത്രീയവും അപക്വവുമാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.


നിലപാട് തിരുത്തണം: മലയാളം ഐക്യവേദി
കാഞ്ഞങ്ങാട്: എൽ.പി, യു.പി അദ്ധ്യാപക പരീക്ഷയിൽ മലയാളത്തെ അവഗണിച്ചതിൽ മലയാള ഐക്യവേദി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. നിലപാട് തിരുത്തണം. യോഗത്തിൽ ഡോ. എ.എം ശ്രീധരൻ, കുഞ്ഞിക്കണ്ണൻ കക്കാണത്ത്, മണികണ്ഠദാസ്, പത്മനാഭൻ ബ്ലാത്തൂർ, കെ.വി സജീവൻ, മുകുന്ദൻ, രതീഷ് ചിറ്റടി, ഡോ. എം.എസ് നസീറ എന്നിവർ സംസാരിച്ചു.