life
ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിനു മുന്നിൽ ബീനയും മകൾ സഞ്ജനയും.

കൂത്തുപറമ്പ്: ബീനയ്ക്കും മകൾ സഞ്ജനയ്ക്കും ഇത് സ്വന്തം വീട്ടിലെ ആദ്യ ഓണമാണ്. കാട്ടുമൃഗങ്ങളെ ഭയന്ന് പ്ലാസ്റ്റിക് ഷെഡിൽ കഴിഞ്ഞു കൂടിയ വർഷങ്ങൾ ഓർക്കാൻ ഇപ്പോഴും ഭയമാണ്. സുരക്ഷിതമായ ഒരു വീട്ടിൽ ഭയമില്ലാതെ കഴിയുക എന്നത് അവരുടെ ഒരു സ്വപ്നമായിരുന്നു. ലൈഫ് പദ്ധതിയിലൂടെ ഇന്നത് സാധ്യമായതിന്റെ സന്തോഷം അവരുടെ കണ്ണുകളിൽ കാണാം.

ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ പൂഴിയോട് സ്വദേശി ബീന രണ്ടു വർഷക്കാലം കുഞ്ഞിനേയും ചേർത്ത് പിടിച്ച് പ്ലാസ്റ്റിക് ഷെഡ്ഡിലാണ് കഴിഞ്ഞിരുന്നത്. അതിന്റെ ഭീതി ബീനയുടെ കണ്ണുകളിൽ നിന്ന് മാഞ്ഞ് തുടങ്ങുന്നതേ ഉള്ളൂ. ലൈഫ് മിഷൻ ജീവിതത്തിന് ചുവരുകൾ കെട്ടിപ്പടുക്കുന്നത് വരെ പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ടു മറച്ച ഒരു ഷെഡിൽ ആയിരുന്നു ബീനയും മകൾ ഒന്നാം ക്ലാസ്സുകാരി സഞ്ജനയും അന്തിയുറങ്ങിയിരുന്നത്. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽ ആറാം വാർഡിൽ കുറിച്യ വിഭാഗത്തിൽപ്പെട്ട ബീനയ്ക്കും കുടുംബത്തിനും ആകെയുണ്ടായിരുന്നത് തറവാട്ടു വിഹിതത്തിൽ നിന്നും ലഭിച്ച ആറു സെന്റ് സ്ഥലം മാത്രമായിരുന്നു. ഭർത്താവ് രാജു നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർ ആയതിനാൽ മാസങ്ങളുടെ ഇടവേളയിലാണ് നാട്ടിലെത്താറുള്ളത്.

അല്ലാത്തപ്പോഴൊക്കെയും തനിച്ചായ ബീന ആറ് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനേെയും ചേർത്ത് പിടിച്ചു യാതൊരു അടച്ചുറപ്പുമില്ലാതെ, പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കെട്ടിയ ഷെഡിൽ കാട്ടുമൃഗങ്ങളുടെ ആക്രമണം പ്രതീക്ഷിച്ചാണ് കഴിഞ്ഞിരുന്നത്. പഞ്ചായത്ത് മെമ്പർ വഴിയാണ് ലൈഫ് ഭവന പദ്ധതിയെകുറിച്ചു അറിയുന്നതും അപേക്ഷ നൽകുന്നതും. മകളുടെ കൈയും പിടിച്ച് തന്റെ വിദൂര സ്വപ്നത്തിലേക്കുള്ള യാത്രയായിരുന്നു പിന്നീടുള്ള മാസങ്ങൾ. പദ്ധതിയിൽ പൂർത്തിയായ തങ്ങളുടെ കുഞ്ഞു വീട്ടിൽ ആദ്യ ഓണം ആഘോഷിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ബീനയും മകളും.


ബീന

കൊവിഡ് നിയന്ത്രണങ്ങൾ കാരണം ഭർത്താവിന് നാട്ടിലെത്താൻ കഴിയുമോ എന്ന സങ്കടം ഉണ്ട്. ലൈഫിൽ പൂർത്തിയായ വീട്ടിൽ ഓണാഘോഷം നടത്താൻ കഴിയുന്നത് സന്തോഷം തന്നെ.