കണ്ണൂർ: കൊവിഡിന്റെ സാഹചര്യത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയിൽ ക്ലീൻ പ്ലസ് ഡിസ്ഇൻഫെക്ഷൻ സർവ്വീസ് ടീം പ്രവർത്തനമാരംഭിച്ചു. ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാൾ അണുനശീകരണം നടത്തിയാണ് ഡിസ്ഇൻഫെക്ഷൻ ടീമിന്റെ പ്രവർത്തനം ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം നിർവഹിച്ചു.

ടീമിനാവശ്യമായ ഉപകരണങ്ങൾ അദ്ദേഹം ടീം അംഗങ്ങൾക്ക് കൈമാറി. കോർപ്പറേഷൻ പരിധിയിലെ 10 കുടുംബശ്രീ അംഗങ്ങളാണ് ഈ ഗ്രൂപ്പിൽ ഉൾപ്പെടുന്നത്. സ്ത്രീകളെ മാത്രം ഉൾപ്പെടുത്തി ഈ മേഖലയിൽ ജില്ലയിൽ ആരംഭിക്കുന്ന ആദ്യ കുടുംബശ്രീ സംരംഭമാണ് ക്ലീൻ പ്ലസ് ഡിസ്ഇൻഫക്ഷൻ സർവ്വീസ് ടീം. ആദ്യ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം കൂടുതൽ ടീമുകൾ ആരംഭിക്കാനാണ് ഉദ്ദേശം. തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂർ മേഖലകളിലും ഉടൻ ഡിസ്ഇൻഫെക്ഷൻ ടീമുകൾ പ്രവർത്തനം ആരംഭിക്കും. ജില്ലാ മെഡിക്കൽ ഓഫീസിലെ ജില്ലാ ടെക്നിക്കൽ അസിസ്റ്റന്റ് സുനിൽ ദത്തിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ കീഴിൽ മുഴുവൻ ടീം അംഗങ്ങൾക്കും നാല് ദിവസത്തെ പരിശീലനം നല്കി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ. എം.. സുർജിത്ത്, അസി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എ. പ്രദീപൻ, ജില്ലാ പ്രോഗ്രാം മാനേജർ ആർ. ആര്യശ്രീ എന്നിവർ പങ്കെടുത്തു.