തളിപ്പറമ്പ്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തിരിശുഭൂമിയിലെല്ലാം കൃഷി ഇറക്കി സർക്കാർ വലിയ മാറ്റം കൊണ്ടുവരുന്നുണ്ട്. ഇതുപോലെ വല്ല പദ്ധതിയും ആംബുലൻസിൽ കാട് കയറാനും ഉണ്ടോയെന്ന സംശയമാണ് താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രി പരിസരത്തെ ഈ കാഴ്ച തോന്നിപ്പിക്കുന്നത്. കൊവിഡ് കാലത്ത് ആരോഗ്യ രംഗത്ത് ആംബുലൻസുകൾ വളരെ അത്യാവശ്യമുള്ള കാലത്തെ ഈ കാഴ്ച ആളുകളിൽ പ്രതിഷേധത്തിനുമിടയാക്കുന്നു.അധികം ഉപയോഗിക്കും മുമ്പാണ് ഈ ആംബുലൻസ് കട്ടപ്പുറത്തായത്. ഇതിന്റെ ടയറുകൾ ഊരിമാറ്റിയ നിലയിലാണ്. താലൂക്ക് ആശുപത്രിയിലെ പുതുതായി നിർമ്മിച്ച അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് പോകുന്ന വഴിയിലാണ് വഴിമുടക്കിയായി ഇതു കിടക്കുന്നത്. മറ്റെല്ലാ ആശുപത്രികളിലും അധികം കുഴപ്പമില്ലാതെ ആബുലൻസ് സർവ്വീസ് നടത്തുന്നുവെന്നാണ് പറയുന്നത്. ഇപ്പോൾ ഈ ആംബുലൻസ് ഇവിടെ നിന്ന് മാറ്റിയാൽ ആശുപത്രിയിലേക്ക് പോകുന്ന രോഗികൾക്കും വാഹനങ്ങൾക്കും തടസമില്ലാതെ പോകാനെങ്കിലുമാകുമെന്നാണ് ഇവിടെയെത്തുന്നവർ പറയുന്നത്.
കാത്തിരുന്ന് ലഭിച്ച നിധി
ആശുപത്രിയിലേയ്ക്ക് ആംബുലൻസ് അനുവദിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമായിരുന്നു. അങ്ങനെയാണ് 5 വർഷം മുമ്പ് ആശുപത്രിക്ക് സ്വന്തമായി ആരോഗ്യവകുപ്പ് ആംബുലൻസ് അനുവദിച്ചത്. ഇതിന്റെ ഉദ്ഘാടനവും നടത്തിയിരുന്നു. പക്ഷെ, കരാറടിസ്ഥാനത്തിൽ ഡ്രൈവർമാരെ കിട്ടുന്നതിൽ ബുദ്ധിമുട്ടായതോടെ ആംബുലൻസിന്റെ ഓട്ടം മുടങ്ങി. അധികമൊന്നും ഓടാതെയിട്ട ആംബുലൻസിന്റെ അവസ്ഥ പിന്നെ ഈ നിലയിലുമായി.