തലശ്ശേരി: തലശ്ശേരി -മാഹി ബൈപാസിൽ ചിറക്കുനി നിട്ടൂർ ബാലത്ത് നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ഗർഡർ ബീമുകൾ തകർന്ന് പുഴയിലേക്ക് പതിച്ചതിന് പിന്നാലെ വിദഗ്ദ്ധസംഘം സ്ഥലം സന്ദർശിച്ചു. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് ദേശീയപാത പ്രൊജക്ട് ഡയറക്ടർ നിർമ്മൽ എം. സാട്ടെ സന്ദർശിച്ചത്. ഭീമുകൾ തകരാനുള്ള കാരണം സർക്കാരിന് സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബീമുകളെ താങ്ങി നിറുത്തുന്ന കൂറ്റൻ ഇരുമ്പ് ഗർഡറിന്റെ ബലക്ഷയമാണ് തകരാൻ കാരണമായതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. പുഴയിലുള്ള വേലിയേറ്റം കാരണം മണ്ണിളകുന്ന പ്രതിഭാസവും ഉണ്ടായിട്ടുണ്ടെന്ന് അധികൃതർ കണ്ടെത്തി.
ഇതിനിടെ തലശ്ശേരി-മാഹി ബൈപാസിലെ പാലം തകർന്നു വീഴാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് തിരുവങ്ങാട്ടുള്ള ദേശീയപാത അതോറിറ്റി ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ ധർണ നടത്തി. ഈ സംഭവത്തിന് ദേശീയ പാത അതോറിറ്റിയും സംസ്ഥാന സർക്കാരും, ജോലിക്ക് മേൽനോട്ടം വഹിക്കുന്ന കൺസൾട്ടൻസിയും ഒരുപോലെ ഉത്തരവാദികളാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.