വിജിലൻസ് മിന്നൽ പരിശോധന നടത്തി
കാസർകോട്: അനുമതി ഇല്ലാതെ എട്ടായിരത്തോളം ടൺ ചുകന്ന മണൽ കുഴിച്ചെടുത്തതിനെ തുടർന്ന് കോളനിയിലെ വീടുകൾ അപകടത്തിലായെന്ന പരാതിയിൽ വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി. കാസർകോട് നഗര മധ്യത്തിലുള്ള അമേയ് കോളനിയിലെ ആറു വീടുകളെ അപകടത്തിലാക്കിയാണ് അനധികൃതമായി മണലെടുപ്പ് നടത്തിയത്.
വിജിലൻസ് ഡിവൈ.എസ്.പി ഡോ. വി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയതിൽ ഉൾപ്പെടെ വലിയ അഴിമതിയാണ് കണ്ടെത്തിയത്. കോളനിയിലെ വീടുകൾ തകരാതിരിക്കാൻ കുന്നിന് സംരക്ഷണ ഭിത്തി കെട്ടാതെ കെട്ടിട നിർമാണത്തിന് അനുമതി നൽകിയത് തന്നെ നിയമലംഘനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ വ്യക്തിക്ക് കെട്ടിടനിർമ്മാണത്തിന് പെർമിറ്റ് നൽകിയിട്ടുണ്ടെങ്കിലും മണൽ നീക്കം ചെയ്യാൻ നിയമപ്രകാരമുള്ള അനുമതി വാങ്ങിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. സർക്കാരിൽ നന്നോ ജയോളജി വകുപ്പിൽ നന്നോ അനുമതി വാങ്ങാതെ 4000 ക്യൂബിക് മീറ്റർ മണലാണ് കുഴിച്ചെടുത്തത്. കുഴിച്ചെടുത്ത 8000 ടൺ മണലിന് അഞ്ചു ലക്ഷത്തോളം രൂപ വിലമതിക്കും.
റോയൽറ്റി അടച്ചു അനുമതി വാങ്ങിയതിന് ശേഷം മാത്രമേ മണൽ എടുക്കാൻ പാടുള്ളൂ എന്നാണ് നിയമം. നിയന്ത്രണമില്ലാതെ മണലെടുത്തത് കാരണം കുന്നിടിഞ്ഞു അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അമേയ് കോളനിവാസികൾ ഒഴിഞ്ഞുപോകണമെന്നും കാലവർഷം ശക്തമായ ദിവസം ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു. അവിടെയാണ് വിജിലൻസ് എത്തിയത്. കാസർകോട് ജയോളജി ഓഫീസർ ജഗദീശൻ, എൽ.എ തഹസിൽദാർ സൂര്യനാരായണ എന്നിവരും റെയ്ഡ് നടത്തിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു. എസ് ഐ രമേശൻ, സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത്, രാജീവൻ, കൃഷ്ണൻ എന്നിവരും ഡിവൈ.എസ്.പിയുടെ കൂടെയുണ്ടായി.
അഴിമതി കണ്ടെത്തിയതിനാൽ കെട്ടിട നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകും. ചട്ടങ്ങൾ പാലിക്കാതെ കെട്ടിടം പണിയാൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യും. അനധികൃത മണലെടുപ്പിന് പിഴ ചുമത്താൻ ജയോളജിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡോ. വി. ബാലകൃഷ്ണൻ
(കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി )