തളിപ്പറമ്പ്: കൊവി‌ഡ് വ്യാപനത്തെ തുടർന്ന് ദീർഘനാളായി അടച്ചിട്ട തളിപ്പറമ്പ് നഗരം തുറക്കാൻ ധാരണയായി. ഇന്നലെ താലൂക്ക് ഓഫീസിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ ശുപാർശ പ്രകാരം ഈ മാസം 15 ന് ശേഷം കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത വാർഡുകൾ തുറക്കാൻ ധാരണയാവുകയായിരുന്നു.

34 വാർഡുകളിൽ 11 വാർഡുകൾ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കുകയാണ് ചെയ്യുന്നത്. സർക്കാർ നിർദ്ദേശിക്കുന്ന കർശന നിയന്ത്രണങ്ങളോടെ വ്യാപാര സ്ഥാപനങ്ങൾ ഇന്ന് രാവിലെ തുറക്കും. താലൂക്ക് ഓഫീസ് സമ്മേളന ഹാളിൽ ചേർന്ന യോഗത്തിൽ ജെയിംസ് മാത്യു എം.എൽ.എ, നഗരസഭാ ചെയർമാൻ മഹമ്മൂദ് അള്ളാംകുളം, സബ്ബ് കളക്ടർ എസ്. ഇലക്യ, ഡിവൈ.എസ്.പി ടി.കെ രത്നകുമാർ, ആരോഗ്യവകുപ്പ് മോധാവികൾ എന്നിവർ പങ്കെടുത്തു.

തുറക്കുന്ന വാർഡുകൾ: പുഴകുളങ്ങര, ഹബീബ് നഗർ, കോടതിമൊട്ട, നേതാജി, കാക്കാൻഞ്ചാൽ, കുറ്റിക്കോൽ, തുരുത്തി, കൂവോട്, പൂക്കോത്ത് തെരു, കീഴാറ്റൂർ, പാളയാട്.