photo
പഴയങ്ങാടി റെയിൽവേ അടിപ്പാലം റോഡിലെ ഗതാഗതക്കുരുക്ക്

പഴയങ്ങാടി: കാളവണ്ടികൾക്ക് ഓടാനായി ബ്രിട്ടീഷുകാർ ഉണ്ടാക്കിയ റെയിൽവേ അടിപ്പാലം വാഹനയാത്രക്കാർക്ക് ഇന്നൊരു പരീക്ഷണമാണ്. ഒരു വാഹനത്തിന് മാത്രം ഒരുസമയം കടന്ന് പോകുവാൻ വീതിയുള്ള റോഡാണിവിടെ. ഇരുഭാഗത്ത് നിന്നും ഒരേ സമയം വാഹനങ്ങൾ പ്രവേശിക്കുന്നതോടെ ഗതാഗത കുരുക്ക് ഉണ്ടാകും. ഇത് പിന്നെ അഴിക്കൽ ഏറേ ശ്രമകരവും.

മഴക്കാലത്ത് പാലത്തിന് അടിയിൽ വെള്ളം കെട്ടി നിൽക്കുന്നതും ഗതാഗതക്കുരുക്കിന് വഴിവയ്ക്കുന്നു. ഇടുങ്ങിയ പാലത്തിന് കീഴിലെ അനുബന്ധ റോഡിൽ നിന്നും ഏറെ താഴ്ന്നാണ് പാലത്തിന്റെ അടിഭാഗം. കനത്ത മഴയിലെ വെള്ളം ഒഴുകി പോകാൻ കഴിയാത്തതിനാലാണ് റോഡ് വെള്ളം നിറഞ്ഞു കുളമായി മാറുന്നത്.

വർഷകാലം ആകുമ്പോഴുള്ള സ്ഥിരം കാഴ്ചയാണിത്. ഇരുചക്ര വാഹനങ്ങൾ അടക്കമുള്ള ചെറുവാഹനങ്ങൾ ഇതിലൂടെ കടന്ന് പോകുവാൻ ഏറെ ബുദ്ധിമുട്ടുകയാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് റെയിൽവേ പണികഴിപ്പിച്ച പാലത്തിന്റെ റോഡ് നന്നേ വീതി കുറഞ്ഞതാണ്. കാലക്രമേണ അനുബന്ധ റോഡുകളുടെ ഉയരം വർദ്ധിക്കുകയും പാലത്തിന് അടിയിലെ റോഡ് താഴ്ന്ന് പോകുകയുമായിരുന്നു. ഇത് മൂലം കാൽനട പോലും അസാദ്ധ്യമാണിവിടെ. കാൽനട യാത്രക്കാർ പാലത്തിന് മുകളിലൂടെ റെയിൽ മുറിച്ച് കടന്നാണ് യാത്ര ചെയ്യുന്നത്. ഇത് ഏറെ അപകടം നിറഞ്ഞതാണ്.

റെയിൽവേയ്ക്ക് കണ്ടഭാവമില്ല

പഴയങ്ങാടിയിൽ നിന്ന് റെയിൽവേ സ്റ്റേഷൻ, പുതിയങ്ങാടി, മാട്ടൂൽ എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡിലാണ് ഗതാഗത കുരുക്കുണ്ടാക്കുന്ന ഈ അടിപ്പാലം. ജനങ്ങളുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് ബദൽ സംവിധാനം ഒരുക്കുന്നതിനായി മണ്ഡലം എം.എൽ.എയും,എം.പിയും ഇടപ്പെട്ടതിനെ തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥർ ഇവിടെ പരിശോധന നടത്തിയെങ്കിലും പരിഹാരം ഒന്നും തന്നെ ഉണ്ടായില്ല.

കത്ത് നല്കി കാത്തിരിപ്പ്

ടി.വി രാജേഷ്‌ എം.എൽ.എയുടെ ചോദ്യത്തിന് നിയമസഭയിൽ പൊതുമരാമത്ത് മന്ത്രി കൊടുത്ത മറുപടി നിലവിലെ പാലത്തിൽ നിന്ന് 20 മീറ്റർ മാറി മറ്റൊരു പാലം നിർമ്മിക്കുവാൻ വേണ്ടി റഫ് കോസ്റ്റ് എസ്റ്റിമേറ്റ് എടുക്കുന്നതിനായി കണ്ണൂർ എക്സിക്യൂട്ടീവ് എൻജിനീയറിംഗ് വിഭാഗത്തിനും സതേൺ റെയിൽവേ എൻജിനീയറിംഗ് വിഭാഗത്തിനും കത്ത് നൽകി എന്നാണ്. മാടായി പഞ്ചായത്ത് അധികൃതർ ആകട്ടെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപവും ഉണ്ട്.