കണ്ണൂർ: കൊവിഡ് പശ്ചാത്തലത്തിൽ ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പൂ വിൽപനയ്ക്കുള്ള വിലക്ക് നീക്കിയതോടെ പൂക്കൾ ജില്ലയിലേക്കെത്തി തുടങ്ങി. മൈസൂർ, ഗുണ്ടൽപേട്ട്, ബംഗളൂരു, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് പൂക്കൾ ധാരാളമായി എത്തുന്നത്. എന്നാൽ കൊവിഡ് ഭീതിയിൽ ആളുകൾ പൂക്കൾ വാങ്ങിക്കാനെത്തുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ട്രെയിൻ സർവ്വീസ് ആവശ്യത്തിന് ഇല്ലാത്തതും ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ബസ്സുകൾ കുറഞ്ഞതും പൂക്കൾ എത്തിക്കുന്നതിന് പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
വാഹനങ്ങൾ വാടകയ്ക്കെടുത്താണ് കൂടുതലായും എത്തിക്കുന്നത്. കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഇക്കുറിയും കൂടിയ വില തന്നെയാണ്. വരും ദിവസങ്ങളിൽ ഇനിയും ഉയരുമെന്നും വ്യാപാരികൾ പറയുന്നു.
ലൈസൻസുള്ള ആറ് കടകൾ മാത്രമാണ് കണ്ണൂർ നഗരത്തിലുള്ളത്. ഈ കടകളിലെല്ലാം പൂ വിൽക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരിക്കും വിൽപ്പന. പൊതുവെ പൂവിൽപ്പന തകൃതിയായി നടക്കുന്ന സമയമാണ് മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങൾ. എന്നാൽ ഇക്കുറി എല്ലാം തകിടം മറിഞ്ഞു. മാത്രമല്ല വിവാഹം തുടങ്ങി മറ്റ് ചടങ്ങുകൾക്കെല്ലാം തന്നെ പൂക്കൾ ഉപയോഗിക്കുന്നത് കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിൽ. അമ്പലങ്ങളിൽ പൂക്കളുടെ ഉപയോഗം വളരെ കുറഞ്ഞു.
മൃതദേഹത്തിൽ റീത്ത് വയ്ക്കുന്ന രീതിയും ഇല്ലാതായി. ഇതെല്ലാം പൂക്കച്ചവടക്കാരുടെ നിറം കെടുത്തി. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പാലിച്ച് ഓണത്തിന് പൂകച്ചവടം ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ഫ്‌ളവേഴ്‌സ് മർച്ചന്റ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
നഷ്ടം ഇതര സംസ്ഥാനക്കാർക്ക്
ഇതര സംസ്ഥാനത്തുള്ളവർക്ക് പൂക്കൾ വിൽക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും നഗരത്തിൽ തെരുവു കച്ചവടത്തിന് അനുമതിയില്ല. മാത്രമല്ല പതിവായി നഗരത്തിലെത്തി പൂക്കൾ വിൽക്കുന്ന ഇതര സംസ്ഥാനക്കാർക്ക് താമസിക്കാൻ ലോഡ്ജ് കിട്ടാത്ത സ്ഥിതിയുമുണ്ട്. പലരും ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ ഉടമകൾ റൂം നൽകാൻ വിസമ്മതിക്കുകയാണ്. ഓണം സീസൺ പ്രതീക്ഷിച്ച ഇവർക്ക് കനത്ത നഷ്ടമാണ് നേരിടേണ്ടി വരുന്നത്.
കൊവിഡ് നിയന്ത്രങ്ങൾ പാലിച്ചുകൊണ്ടായിരിക്കും വിൽപ്പന. കഴിഞ്ഞ രണ്ട് ദിവസമായി പൂക്കൾ വരുന്നുണ്ട്. ആളുകൾ വാങ്ങാൻ എത്തുമോയെന്ന ആശങ്കയും ഉണ്ട്. പൂക്കൾ എത്തിക്കുന്നതിലും പ്രയാസമുണ്ട്.
കെ. ദിനേശൻ, ദിനേശ് ഫ്ലവർ സ്റ്റാൾ, മുനീശ്വരൻ കോവിൽ, കണ്ണൂർ