ullil-onam-
ഉള്ളിലാണ് ഓണം ചിത്രത്തിൽ നിന്ന്

കാസർകോട് :മഹാമാരിയുടെ ഈ ഓണക്കാലത്ത് ഉയരേണ്ടത് ജാഗ്രതയുടെ പൂവിളികൾ ആണെന്ന വലിയ സന്ദേശമുയർത്തുകയാണ് 'ഉള്ളിലാണ് ഓണം ' എന്ന കാസർകോട് ഡി.എം.ഒ ഓഫീസിലെ മാസ് മീഡിയ വിഭാഗം തയ്യാറാക്കിയ ഹ്രസ്വചിത്രം.

ഓണത്തിന്റെ തിരക്കിനിടയിലും സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ചിത്രം വൈറലാവുകയും ചെയ്തു. മലയാളിയുടെ ഗൃഹാതുരമായ ഓണക്കാഴ്ചകളുടെ ഓരം ചേർന്ന് നാം സ്വീകരിക്കേണ്ടുന്ന പ്രതിരോധ വഴികൾ ലളിതമായി പറഞ്ഞുവെയ്ക്കുന്നു അഞ്ച് മിനുട്ടു മാത്രം ദൈർഘ്യമുള്ള ചിത്രം. ചിത്രത്തിന്റെ പേരിലൂടെ തന്നെ കൃത്യമായ സന്ദേശം നൽകാൻ ശ്രമിച്ചിരിക്കുന്നു അണിയറ പ്രവർത്തകർ. ഈ വർഷത്തെ ഓണം വീട്ടിനുള്ളിൽ ഒതുങ്ങിയാവണം എന്നും മനസ്സിന്റെ നന്മകൾ കൊണ്ട് ഓണമാഘോഷിക്കാം എന്നും ഉള്ളിലാണ് ഓണം എന്ന പേര് മലയാളികളെ ഓർമ്മപ്പെടുത്തുന്നു.

തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന ഒരു അദ്ധ്യാപകനിലൂടെ ആഘോഷ നാളുകളിൽ അനിവാര്യമായ ആരോഗ്യശീലങ്ങളുടെ ലളിത പാഠങ്ങൾ പറയുകയാണ് ചിത്രം. ഓണക്കോടി വാങ്ങാനായി നഗരത്തിരക്കുകളിലേക്ക് ഇറങ്ങുന്നവരോട്, അന്യനാട്ടിലെ പൂക്കൾ കൊണ്ട് പൂക്കളം തീർക്കാൻ ഒരുങ്ങുന്നവരോട്, ആഘോഷ നാളുകളിൽ മദ്യത്തിന് പിറകെ പോകുന്നവരോട് ഓർമ്മപ്പെടുത്തലുകൾ നടത്തുകയാണ് ചിത്രം.

പ്രശസ്ത നാടക പ്രവർത്തകൻ ഉദിനൂർ ബാലഗോപാലൻ മുഖ്യവേഷമിടുന്ന ചിത്രത്തിൽ പി.വി. രാജൻ, വി.കെ കാർത്യായനി, കെ.എസ് ശ്രീലാൽ എന്നിവർ വേഷമിടുന്നു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ പി.വി. മഹേഷ് കുമാർ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിന്റെ കാമറയും എഡിറ്റിംഗും ശ്രീജിത്ത് കരിവെള്ളൂരും സംഗീത മിശ്രണം പി.പി. ജയനുമാണ് നിർവഹിച്ചത്. ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞ ചിത്രം ഇതിനോടകം തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞു.