മാഹി: മയ്യഴിക്കാരുടെ ഓണം ഫ്രഞ്ചുകാർക്കും മഹോത്സവമായിരുന്നുവെന്ന് നവതിയിലെത്തിയ മയ്യഴി സാഹിത്യ തറവാട്ടിലെ കാരണവരായ എം. രാഘവൻ. തങ്ങളുടെ പ്രജകൾക്കൊപ്പം ഫ്രഞ്ച് സായ്പന്മാരും ഓണാഘോഷങ്ങളിൽ എല്ലാം മറന്ന് മുഴുകുമായിരുന്നു. അഴിമുഖത്തെ മൂപ്പൻ സായ്പിന്റെ ബംഗ്ലാവിന് മുന്നിലെ വിശാലമായ പച്ചപ്പുല്ലുകൾ നിറഞ്ഞ പതാറിൽ തയ്യാറാക്കി നിർത്തുന്ന, വഴുവഴുപ്പുള്ള തൂണിന്മേൽ, സമ്മാനങ്ങൾ പറിച്ചെടുക്കാൻ സാഹസപ്പെട്ട് കയറുന്ന ചെറുപ്പക്കാരുടെ മുഖങ്ങളും, കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന മദാമ്മമാരുടെ സന്തോഷവുമെല്ലാം ഇന്നും രാഘവേട്ടന്റെ മനസ്സിൽ മായാതെ കിടപ്പുണ്ട്. ഫ്രഞ്ചുകാർ മയ്യഴിക്ക് സമ്മാനിച്ച ഒരു വിനോദമായിരുന്നു തൂണിന്മേൽ കയറ്റം.
ഒഴുക്കുള്ള അഴിമുഖത്തെ പുഴവെള്ളത്തിലേക്ക് അരയിൽ കയറും കെട്ടി, തിരമാലകളോട് സല്ലപിക്കുന്ന ഓണക്കളികളും മനസ്സിൽ നിന്നും മായുന്നില്ല. കെട്ടി തൂക്കിയിട്ട് വെള്ളം നിറച്ച മൺപാത്രം, കണ്ണ് കെട്ടിപ്പൊട്ടിച്ച് സമ്മാനം കൈക്കലാക്കാൻ സ്ത്രീകളും മിടുക്കരായിരുന്നു. പുഴയിൽ വീറോടെ വഞ്ചി തുഴയാൻ മദാമ്മമാരും ഉണ്ടാകുമായിരുന്നു. നാടിന്റെ നാടൻ ഓണക്കളികളിൽ ഫ്രഞ്ച് സായ്പൻമാർ അലിഞ്ഞു ചേർന്നിരുന്നു. പൂത്തലത്തു നിന്നും ഓണപ്പൊട്ടന്മാർ മണിമുഴക്കി പട്ടണത്തിലെല്ലായിടത്തും സഞ്ചരിക്കും.
ചെറുപ്രായത്തിൽ അനുജൻ മുകുന്ദനോടൊപ്പം പൂക്കൂടകളുമായി തുമ്പപ്പൂവും തെച്ചിപ്പൂവും തേടി മൂപ്പൻ സായ്പിന്റ ബംഗ്ലാവിനു മുകളിലെ കുന്നിൽ പോകാറുണ്ട്. കടൽക്കാഴ്ചകൾ കണ്ട് തണുത്ത കാറ്റേറ്റ്, ചവോക്ക് മരങ്ങളുടെ സംഗീതവുമാസ്വദിച്ചുള്ള ആ യാത്ര ജീവിതാന്ത്യം വരെ മനസ്സിൽ നിന്നും മായില്ല. കിലോമീറ്ററുകളകലെ അഴിയൂരിലെ അരിപ്പൂകാടുകളിലേക്കുള്ള കൂട്ടുകാരൊത്തുള്ള കാൽനടയാത്രയും ഇന്നും മനസ്സിന് ഉണർവേകുന്നു.
ഡൽഹിയിൽ ദശകങ്ങളോളം ഫ്രഞ്ച് എംബസിയിൽ ജോലി ചെയ്യുമ്പോഴും, മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന മൂന്നും നാലും ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഓണപ്പരിപാടികളിൽ രാഘവനും കുടുംബവും സജീവമായിരുന്നു. വി.കെ. കൃഷ്ണമേനോൻ, ഓംചേരി, ലീല ഓംചേരി, ദീപ്തി ഓംചേരി, റോസ്കോട്ട് കൃഷ്ണപിള്ള, എം. മുകുന്ദൻ തുടങ്ങി പലരും ഓണാഘോഷ പരിപാടികളിലെത്തും. തിരുവാതിര, നാടകം, കൈകൊട്ടിക്കളി, ഓണസദ്യ, പൂക്കള മത്സരം തുടങ്ങിയ നിരവധി പരിപാടികളുണ്ടാവും. ഭാര്യ അംബുജാക്ഷി നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ദീർഘമായ പ്രവാസ ജീവിതത്തിൽ, ഗൃഹാതുരത്വത്തിന്റെ ഓണ സ്മരണയാണ് ഏറെയും മനസ്സിനെ ആർദ്രമാക്കിയതെന്ന് പ്രശസ്ത കഥാകാരൻ കൂടിയായ രാഘവേട്ടൻ പറഞ്ഞു.
ദശകങ്ങൾക്ക് ശേഷം തിരിച്ച് മയ്യഴിയിലെത്തിയപ്പോൾ, മദ്യം മണക്കുന്ന തെരുവീഥികളിൽ, ഓണാഘോഷങ്ങൾ മയങ്ങിക്കിടക്കുന്ന കാഴ്ച മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുകയാണ്.