chappal
ബസ് സ്റ്റാൻഡ് പരിസരത്ത് ചെരുപ്പ് തുന്നി ഉപജീവനം നടത്തുന്ന നാരായണനും സഹപ്രവർത്തകരും

കാഞ്ഞങ്ങാട്: പരസ്പര സ്നേഹത്തിലും കരുതലിലുമാണ് തെരുവോരത്തെ ഈ തൊഴിലാളികളുടെ ഓണം. ഇതുവഴി കടന്നുപോകുന്നവ‌‌ർക്കൊന്നും ഇതേക്കുറിച്ച് അറിയുമായിരിക്കില്ല. എന്നാൽ ബസ് സ്റ്റാൻഡ് പരിസരത്ത് ചെരുപ്പ് തുന്നി ഉപജീവനം കഴിയുന്ന നാരായണന്റെയും സഹപ്രവർത്തകരുടെയും ശൈലി ഏവർക്കും മാതൃകയാണ്. അന്നന്ന് കിട്ടുന്ന കൂലി വലുതായാലും ചെറുതായാലും എല്ലാവരും വീതിച്ചെടുക്കുകയെന്നതാണ് ഇവരുടെ പ്രത്യേകത.

ഈ ഒത്തൊരുമ ആരംഭിച്ചിട്ട് മൂന്നു വർഷം പിന്നിടുന്നു. പതിറ്റാണ്ടുകളായി നഗരത്തിലുള്ള കല്യാൺ റോഡ് സ്വദേശി നാരായണൻ, കാരക്കുഴിയിലെ ഭാസ്‌കരൻ, പുതിയകണ്ടത്തെ ഹരിദാസ്, കാസർകോട്ടെ കൃഷ്ണൻ, മൂലക്കണ്ടത്തെ രാഘവൻ എന്നിവരാണ് കുടുംബ പ്രാരബ്ധങ്ങൾ അറിഞ്ഞ് പരസ്പരം കൂലി വീതിച്ചെടുത്ത് സമൂഹത്തിന് നല്ല സന്ദേശം നൽകുന്നത്.

നഗരത്തിൽ റോഡ് വികസനം വന്നു കഴിഞ്ഞപ്പോൾ നേരത്തെ ഉണ്ടായ സ്ഥലത്തുനിന്നും ഇവരെ ഒഴിപ്പിച്ചിരുന്നു. ഇതോടെ ഇവർക്ക് സ്ഥിരം കേന്ദ്രമില്ലാത്ത അവസ്ഥ വന്നു. ജോലിയും കുറഞ്ഞു വരുമാനവും ഇല്ലാതായി. ഈയൊരു തിരിച്ചറിവിൽ നിന്നാണ് സൗഹൃദ കൂട്ടായ്മ ഉടലെടുത്ത് പരസ്പരം കൈകോർക്കൽ തീരുമാനം. നാരായണനും കൂട്ടരും അതിൽ വിജയിക്കുകയും ചെയ്തു. എത്ര വലിയ തുകയായാലും കുറഞ്ഞതായാലും അഞ്ചു പേരും വീതിച്ചെടുക്കും. അതുകൊണ്ട് വൈരാഗ്യമില്ല കലഹവുമില്ല.

ജോലി പോലും എല്ലാവരും ചേർന്നാണ് തീർത്തു കൊടുക്കുക. ഇത് ഉപഭോക്താക്കൾക്ക് തൃപ്തിയുണ്ടാക്കുന്നു. ജോലി ചെയ്യുന്ന തങ്ങൾക്കും തൃപ്തിയുണ്ടാക്കുമെന്ന് നാരായണൻ പറയുന്നു. ഇവർക്ക് ഒരു സങ്കടം മാത്രമേ പറയാനുള്ളൂ. മണിക്കൂറോളം മഴയത്തും വെയിലത്തുമിരുന്ന് ജോലി ചെയ്തു തളരുകയാണ്. ജോലി ചെയ്യാനായി ഒരു കൂടാരം അധികൃതർ ഉണ്ടാക്കിത്തരണമെന്നാണ് ഇവരുടെ അപേക്ഷ. ഈ ആവശ്യമുന്നയിച്ച് അധികൃതർക്ക് നിരവധി തവണ നിവേദനവും നൽകിയിരുന്നു. പരിഹാരമാകുമെന്ന പ്രതീക്ഷയാണ് ഇവരിപ്പോഴും പങ്കുവയ്ക്കുന്നത്.