കൂത്തുപറമ്പ്: വലിയ വെളിച്ചത്ത് പ്രവർത്തിച്ച സ്വകാര്യ സാനിറ്റൈസർ നിർമ്മാണ യൂണിറ്റിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ അനധികൃതമായി നിർമ്മിച്ച 500 ലിറ്ററോളം സാനിറ്റൈസർ പിടിച്ചെടുത്തു. ലൈസൻസില്ലാതെ സാനിറ്റൈസർ ഉത്പാദിപ്പിച്ചതിന് ഫോർ ബയർ എന്ന സ്ഥാപനം ഡ്രഗ്സ് കൺട്രോൾ വിഭാഗം അടച്ച് പൂട്ടി.

കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവ നിർമിക്കുന്നതിന് ഡ്രഗ്സ് ആൻഡ് കോസ് മെറ്റിക്സ് ആക്ട് പ്രകാരം ഡ്രഗ്സ് കൺട്രോൾ വകുപ്പ് നൽകുന്ന ഔഷധ നിർമാണ ലൈസൻസ് നിർബന്ധമാണ്. ഹാൻഡ് വാഷ് ഉത്പന്നങ്ങൾ, ജെൽ എന്നിവയും, അസംസ്കൃത വസ്തുക്കളും അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. ഡ്രഗ്സ് ആൻഡ് കോസ് മെറ്റിക്സ് നിയമ പ്രകാരം കേസെടുത്തു. കോഴിക്കോട് റീജ്യണൽ ഡ്രഗ്സ് ഇൻസ്പെക്ടർ ഷാജി എം.വർഗ്ഗീസ്, ഇൻസ്പെക്ടർമാരായ സി.വി.നൗഫൽ, യു. ശാന്തികൃഷ്ണ ,വി.കെ. നീതു, കെ.ഫൈസൽ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.