kottachery-railway
കോട്ടച്ചേരി റെയിൽവെ മേൽപാലം

കാഞ്ഞങ്ങാട്: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്കു പോയതോടെ നിശ്ചലമായ കോട്ടച്ചേരി ഫ്ലൈഓവർ നിർമ്മാണജോലികൾ പുനരാരംഭിച്ചു.

റെയിലിനു കുറുകെ സ്ഥാപിക്കേണ്ട ഗാർഡറുകൾ എത്തി ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്കു പോയത്. പാലത്തിന്റെ രണ്ടു ഭാഗത്തും അപ്രോച്ചുറോഡുകളുടെ പണി പൂർത്തിയാകാനുണ്ട്. ഇതിനു പുറമെ പാലത്തിന്റെ ഭിത്തികളും പൂർത്തീകരിക്കണം. ഇതിനു ശേഷം മാത്രമേ ഗാർഡറുകൾ സ്ഥാപിക്കൂ എന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്.

2018 ഏപ്രിൽ 14 നാണ് ഫ്ലൈഓവറിന് തറക്കല്ലിട്ടത്. ഒരു വർഷത്തിനുള്ളിൽ ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്നായിരുന്നു അന്ന് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ഈ വർഷം ഡിസംബറിലെങ്കിലും പാലം തുറക്കാനാകുമോ എന്നു സംശയമാണ്. കാരണം അത്രയും ജോലികൾ ബാക്കിയാണ്.

2003 ൽ പദ്ധതി അംഗീകരിച്ചെങ്കിലും വർഷങ്ങൾ നീണ്ട നിയമ യുദ്ധത്തിനിടയിൽ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് രംഗത്ത് വന്നതോടെയാണ് ഫ്ലൈഓവറിനു തറക്കല്ലിടാനുള്ള സാഹചര്യമൊരുങ്ങിയത്.