കണ്ണൂർ: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കണ്ണൂർ എസ്.പി. ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തമായി. ടൗൺ എസ്.ഐക്കും നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തി ചാർജിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് സാരമായി പരിക്കേറ്റത്. കണ്ണൂർ ടൗൺ സ്റ്റേഷനിലെ എസ്.ഐ ബവേഷിന് സമരക്കാരുടെ മർദ്ദനത്തിലാണ് പരിക്ക്.
ഉദ്ഘാടനം കഴിഞ്ഞയുടൻ പ്രവർത്തകർ പൊലീസ് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. ഇതിനിടെ എസ്.ഐ ബവേഷിനു നേരെ കൈയേറ്റമുണ്ടായി. ഇതേ തുടർന്നാണ് പൊലീസ് സമരനേതാക്കൾക്ക് നേരെ നീങ്ങിയത്.
ഷിബിൻ ഷിബു, ഫർഹാൻ മുണ്ടേരി, വി. രാഹുൽ, പ്രിനിൽ മതുക്കോത്ത്, ജിസ്‌മോൻ, റിജിൻരാജ്, അക്ഷയ് കോവിലകം, സി.വി സുമിത്ത്, അക്ഷയ് കല്യാശ്ശേരി, നിസാം മയ്യിൽ, എം.രാഹുൽ , അബ്ദുൽ ജബ്ബാർ, നൗഫൽ വാരം, യഹിയ എന്നിവർക്കാണ് പരിക്കേറ്റത്. എസ്.പി ഓഫീസ് പരിസരത്ത് നിന്നും പിരിഞ്ഞ് പോയ പ്രവർത്തകർ ഗാന്ധി സ്ക്വയറിൽ സംഘടിച്ചത് സംഘർഷം സൃഷ്ടിക്കാനിടയാക്കിയെങ്കിലും പ്രവർത്തകരെ പൊലീസ് ഇടപെട്ട് നീക്കം ചെയ്യുകയായിരുന്നു. പിന്നീട് കാൾടെക്സിൽ വൈദ്യുതി ഭവന് മുന്നിലും പ്രവർത്തകർ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയുണ്ടായി. ഡിവൈ.എസ്.പി പി..പി.സദാനന്ദനും കെ. സുധാകരൻ എം.പി ഉൾപ്പടെയുള്ള നേതാക്കളുമെത്തി പ്രവർത്തകരെ അനുനയിപ്പിച്ചു. സംഘർഷത്തെ തുടർന്ന് റിജിൽ മാക്കുറ്റി ഉൾപ്പടെയുള്ള അഞ്ച് യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. മാർച്ച് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ റിജിൽ മാക്കുറ്റി, സന്ദീപ് പാണപ്പുഴ, കെ. കമൽജിത്ത്, ജോഷി കണ്ടത്തിൽ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
ഇടത് ഭരണത്തിന് കീഴിൽ ഏത് തരത്തിൽ കൊള്ളയടിക്കാമെന്ന ഗവേഷണമാണ് നടക്കുന്നത്. പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി വീട് നിർമ്മിച്ച് നൽകുന്ന ലൈഫ് പദ്ധതിയിൽ കൈയിട്ട് വാരിയ മുഖ്യമന്ത്രി പിണറായി വിജയനെ ജനങ്ങൾ തൂക്കിലേറ്റും. ഒട്ടേറെ ഇടത്പക്ഷ നേതാക്കൾ കേരളം ഭരിച്ചിട്ടുണ്ട്. അവരൊന്നും തങ്ങളുടെ ഭരണകാലത്ത് ചെയ്തിട്ടില്ലാത്ത തരത്തിലുള്ള കൊള്ളയാണ് ഈ സർക്കാർ നടത്തിയിരിക്കുന്നത്. ഏത് പരിപാടി നടത്തുന്നതിനും കമ്മീഷനാണ്. അതിനാണ് കൺസൾട്ടൻസി എന്ന ചുരുക്കപ്പേരിൽ പറയുന്നത്. 20 കോടിയുടെ ലൈഫ് മിഷൻ പദ്ധതിയിൽ 9.25 കോടിയും കമ്മീഷനാണ്.
കെ. സുധാകരൻ എം.പി, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ്