1000 കടന്ന് രോഗമുക്തർ
കണ്ണൂർ: കൊവിഡ് ചികിൽസയിൽ മികച്ച നേട്ടവുമായി അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റർ. പ്രത്യേക കൊവിഡ് ചികിത്സാ കേന്ദ്രമായി പ്രവർത്തനമാരംഭിച്ച് അഞ്ചു മാസം പിന്നിടമ്പോൾ ഇവിടെ നിന്ന് രോഗമുക്തി നേടിയവരുടെ എണ്ണം 1000 കടന്നു.
കൊവിഡ് ബാധ സംശയിച്ച് 1985 പേരാണ് ഇതിനകം ഇവിടെ ചികിത്സയ്‌ക്കെത്തിയത്. ഇതിൽ 1327 പേർ രോഗം സ്ഥിരീകരിച്ചവരും 656 പേർ രോഗം സംശയിക്കുന്നവരുമായിരുന്നു. 1085 പോസിറ്റീവ് കേസുകൾ ഉൾപ്പെടെ 1726 പേർ ഇതുവരെ ഇവിടെ നിന്ന് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. അഞ്ച് മാസം പ്രായമായ കുട്ടി മുതൽ 96 വയസ്സുള്ള മുത്തശ്ശി വരെ ഇക്കൂട്ടത്തിലുണ്ട്.
നോഡൽ ഓഫീസർ ഡോ. സി. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകരുടെ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെ 150 പേർ അടങ്ങിയ ആരോഗ്യപ്രവർത്തകരുടെ സംഘമാണ് ഓരോ ബാച്ചിലും സേവനം ചെയ്യുന്നത്. ഇതിനകം 12 ബാച്ചുകൾ ഇവിടെ സേവനം പൂർത്തിയാക്കി.
ജില്ലയിലും സമീപ ജില്ലകളിലും കൊവിഡ് ബാധിതരുടെയും വൈറസ് ബാധ സംശയിക്കുന്നവരുടെയും എണ്ണത്തിൽ വലിയ വർധനവുണ്ടായ സാഹചര്യത്തിലാണ് ദുരന്തനിവാരണ നിയമപ്രകാരം മാർച്ച് 24 ന് പ്രത്യേക കൊവിഡ് ആശുപത്രിയായി അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ജില്ലാ കളക്ടർ ഏറ്റെടുത്തത്.
വെന്റിലേറ്ററുകൾ 9
ഒമ്പത് വെന്റിലേറ്ററുകളും 30 ഐ.സി.യു ബെഡുകളും ഉൾപ്പെടെ കൊവിഡ് ചികിത്സയ്ക്കാവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ജനറൽ വാർഡിൽ 225 കിടക്കകൾ ഉൾപ്പെടെ 500 പേരെ ഉൾക്കൊള്ളാൻ ആശുപത്രിക്ക് കഴിയും.