hospital

കണ്ണൂർ: ജില്ലാ ആശുപത്രിയെ സൂപ്പർ സ്‌പെഷാലിറ്റി തലത്തിലേക്ക് ഉയർത്തുന്നതിനുള്ള പദ്ധതിയടക്കം ജില്ലയിലെ ആരോഗ്യ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ. ജില്ലാ ആശുപത്രിയിൽ 60 കോടിയുടെ ആദ്യഘട്ട നിർമാണ-നവീകരണ പ്രവർത്തനങ്ങൾക്കാണ് അനുമതിയായത്.

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സമഗ്ര പ്രാഥമികാരോഗ്യ സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം.
അത്യാധുനിക ചികിത്സാ സംവിധാനങ്ങളൊരുക്കുന്നതോടൊപ്പം പരിസ്ഥിതിസൗഹൃദവും സൗന്ദര്യപൂർണവുമായ പരിസരവും സൃഷ്ടിക്കും.

മാലിന്യ സംസ്‌കരണത്തിനും ജലശുദ്ധീകരണത്തിനും വിപുലമായ പദ്ധതികൾ കൂടി ഉൾപ്പെടുന്നതാണ് മാസ്റ്റർ പ്ലാൻ. ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ രോഗികൾക്ക് അടിയന്തര ഘട്ടങ്ങളിൽ ഓക്സിജൻ ലഭ്യമാക്കുന്നതിന് സെൻട്രലൈസ്ഡ് മെഡിക്കൽ ഗ്യാസ് പ്ലാന്റും നിർമിക്കും. ഇടതടവില്ലാത്ത വൈദ്യുതി ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കും.

കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങൾ ഇരട്ടിയായി വർധിപ്പിക്കും. പേ വാർഡുകൾ വിപുലീകരിക്കും. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ഏഴ് ഓപ്പറേഷൻ തീയറ്ററുകൾ, പുതിയ ബ്ലഡ് ബാങ്ക്, കൂടുതൽ എക്സ്‌റേ, അൾട്രാ സൗണ്ട് എം.ആർ.ഐ സ്‌കാനിംഗ് സംവിധാനങ്ങൾ, ഒ. പിയിൽ മൂന്നൂറോളം പേർക്ക് ഇരിക്കാവുന്ന കാത്തിരിപ്പു കേന്ദ്രം, 300ലേറെ പേരെ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും.

സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്

@ 50,000 ചതുരശ്ര അടി

കാത്ത് ലാബ്, സി.സി.യു സംവിധാനങ്ങളോടു കൂടിയ കാർഡിയോളജി വിഭാഗം, ഡയാലിസിസ് വിഭാഗം എന്നിവയുൾക്കൊള്ളുന്ന പുതിയ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് 50,000 ചതുരശ്ര അടിയിൽ മൂന്നു നിലകളായാണ് നിർമിക്കുക.

നവീകരണം ഇങ്ങനെ

ഒ.പി വിഭാഗത്തിലെ തിരക്ക് ഒഴിവാക്കുന്നതിന് എയിംസ് മാതൃകയിൽ ഇലക്ട്രോണിക് രജിസ്‌ട്രേഷൻ സംവിധാനം. വിവിധ കെട്ടിടങ്ങളിലായി ചിതറിക്കിടക്കുന്ന ചികിത്സാസൗകര്യങ്ങൾ രോഗികൾക്ക് സൗകര്യപ്രദമായ വിധത്തിൽ പുനഃക്രമീകരിക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടാനാവശ്യമായ വിപുലമായ അത്യാഹിത വിഭാഗവും അത്യാധുനിക സംവിധാനങ്ങളുള്ള മൊബൈൽ ട്രോമാ കെയറും. വിശാലമായ രണ്ട് പ്രവേശന കവാടങ്ങളോടു കൂടിയ സുരക്ഷിതമായ ചുറ്റുമതിൽ, വിവിധ ബ്ലോക്കുകൾക്കിടയിൽ അനായാസം സഞ്ചരിക്കാനുള്ള റോഡുകൾ, നടപ്പാതകൾ, പാലങ്ങൾ. കുട്ടികൾക്കുള്ള പാർക്കുകൾ, ആധുനിക രീതിയിലുള്ള ഫയർ ആൻഡ് സേഫ്റ്റി സംവിധാനങ്ങൾ, ലിഫ്റ്റുകൾ.