കണ്ണൂർ: കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ 60 വയസ് പൂർത്തിയായവർക്ക് ലഭിക്കേണ്ടുന്ന അതിവർഷ ആനുകൂല്യം ഈ ഓണത്തിനുമില്ല. കൊവിഡ് കാലത്ത് അനുഭവിക്കുന്ന ദുരിതങ്ങൾക്കിടയിലും ആനുകൂല്യം വൈകുന്നതിൽ കടുത്ത പ്രതിഷേധമുയരുകയാണ്. കണ്ണൂർ ജില്ലയിൽ മാത്രം 2012 മുതൽ മുപ്പതിനായിരത്തോളം പ്രായമായ കർഷകത്തൊഴിലാളികൾ അതിവർഷ ആനുകൂല്യത്തിന് വേണ്ടി കാത്തിരിക്കുകയാണ്. പതിനായിരക്കണക്കിന് അംഗങ്ങൾ ആനുകൂല്യം ലഭിക്കാതെ മരണപ്പെട്ടിട്ടുമുണ്ട്.

ഫണ്ടിൽ സമാഹരിച്ച തുകയിൽ നിന്ന് മാത്രം ഈ ആനുകൂല്യങ്ങൾ കൊടുത്തു തീർക്കാൻ സാദ്ധ്യമല്ല. സർക്കാർ പ്രത്യേകമായി ഫണ്ട് അനുവദിച്ചാൽ മാത്രമേ അതിവർഷ ആനുകൂല്യങ്ങളും മറ്റ് ആനുകൂല്യങ്ങളും കൊടുത്തു തീർക്കാൻ സാദ്ധ്യമാവുകയുള്ളൂ എന്ന് ഗുണഭോക്താക്കൾ പറയുന്നു. 2006 ൽ വി.എസ് സർക്കാരിന്റെ കാലത്ത് 114 കോടി രൂപയുടെ അതിവർഷ അനുകൂല്യങ്ങൾ കൊടുത്തു തീർക്കാൻ സാധിച്ചിരുന്നു. മാത്രമല്ല ചെക്ക് കൊടുത്ത അതേ ദിവസം തന്നെ ജില്ലാ ട്രഷറി ഓഫീസിൽ നിന്ന് തുക ലഭിച്ചിരുന്നു. ഇപ്പോഴാണെങ്കിൽ ബാങ്ക് അക്കൗണ്ട് വഴിയാണ് തുക നൽകുന്നത്. മാസങ്ങൾ കഴിഞ്ഞാലും തുക ലഭിക്കാത്ത സ്ഥിതിയാണ്.

അംശാദായം ക്ഷേമനിധി തുടങ്ങിയ കാലത്ത് ഒരു മാസത്തിൽ രണ്ടു രൂപയും പിന്നീട് 2008 മുതൽ അഞ്ചു രൂപയുമാണ്. 2020 മുതൽ അംശാദായം 20 രൂപ അടയ്ക്കുവാൻ ആണ് സർക്കാർ തീരുമാനം. ഇതിന്റെ പ്രയോജനം ഇപ്പോൾ പുതിയതായിട്ട് ക്ഷേമനിധിയിൽ ചേർന്നവർക്ക് മാത്രമേ ലഭിക്കുകയുള്ളൂവെന്നാണ് ഗുണഭോക്താക്കളുടെ ആരോപണം.

അനുവദിക്കണം

500 കോടിയെങ്കിലും

500 കോടി രൂപ എങ്കിലും അനുവദിച്ചാൽ മാത്രമേ സംസ്ഥാനത്തൊട്ടാകെ അവശരായ വിഭാഗത്തിന് ആനുകൂല്യങ്ങൾ കൊടുത്തു തീർക്കാൻ സാദ്ധ്യമാകുകയുള്ളൂ. ഇതിനു പുറമേ വിവാഹം, പ്രസവം, ചികിത്സാസഹായം എന്നീ ആനുകൂല്യങ്ങൾ കൊടുത്തു തീർക്കുവാൻ സർക്കാർ ബാദ്ധ്യസ്ഥരാണെന്നും ഗുണഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.

കണ്ണൂരിൽ 2012 മുതൽ മുപ്പതിനായിരത്തോളം പേർ അതിവർഷ ആനുകൂല്യം ലഭിക്കാൻ ബാക്കിയുണ്ട്. പ്രായാധിക്യം കാരണം മറ്റു ജോലികൾ ഒന്നും ചെയ്യാൻ സാധിക്കാത്ത 60 വയസ് കഴിഞ്ഞ ആളുകൾക്ക് ഈ ആനുകൂല്യം കൃത്യമായി ലഭിച്ചാൽ വലിയ ആശ്വാസമാണ്. അതുകൊണ്ടുതന്നെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.
കൊയക്കീൽ രാഘവൻ, ഗുണഭോക്താവ്‌