കാസർകോട്: കാസർകോടിന്റെ ആ അഭിമാന താരകം പൊലിഞ്ഞു. 2002ലെ സി.ബി.എസ്.ഇ.പത്താംതരം പരീക്ഷയിൽ ഇന്ത്യയിൽ ഒന്നാം റാങ്ക് നേടി കാസർകോട് ജില്ലയ്ക്ക് എക്കാലത്തെയും മികച്ച അഭിമാനം പകർന്ന മിടുമിടുക്കൻ ഡോ. എം.കെ. അനൂപ് (34) ഇനി ഓർമ്മ.
അണങ്കൂർ 'അനുഗ്രഹ'യിൽ റിട്ട. കൃഷി വകുപ്പ് ജോയിന്റ് ഡയറക്ടർ എം. ഭാസ്‌കരന്റെയും ശശികലയുടെയും മകനാണ്. രക്താർബുദത്തെ തുടർന്ന് ഒന്നരവർഷത്തോളമായി ചികിത്സയിലായിരുന്ന ഡോ. അനൂപിന്റെ അന്ത്യം ഇന്നലെ പുലർച്ചെ മുംബൈ കാർഗോവിലെ കാൻസർ സെന്ററിലായിരുന്നു.
സി.ബി.എസ്.ഇ. പത്താംക്ലാസിൽ ഒന്നാം റാങ്ക് നേടുന്ന ആദ്യമലയാളിയായിരുന്നു അനൂപ്. 12ാം ക്ലാസിൽ അനൂപ് നാലാം റാങ്കും നേടിയിരുന്നു. മെഡിക്കൽ എൻട്രൻസ് പരീക്ഷയിലും മികച്ച റാങ്കോടെയാണ് പാസായത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്. നേടിയ ഡോ. അനൂപ് ഡൽഹിയിലെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് റേഡിയോളജിയിൽ ബിരുദം നേടിയത്. സീനിയർ റസിഡന്റ് ഡോക്ടറായി പ്രവർത്തിച്ച ശേഷം ഡോ. അനൂപ് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നിറങ്ങിയത് ബെസ്റ്റ് ഔട്ട്‌ഗോയിംഗ് സ്റ്റുഡന്റിനുള്ള ഗോൾഡ് മെഡലും വാങ്ങിയാണ്.
പഠന വഴികളിൽ മികവിന്റെ ഔന്നിത്യം തൊട്ട ഈ മിടുമിടുക്കൻ കാസർകോടിന്റെ മികവിന്റെ ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. ഇന്നേവരെ കാസർകോട് ജില്ലക്കാർ നേടിയിട്ടില്ലാത്ത മികവുമായായിരുന്നു ഡോ. അനൂപിന്റെ പ്രയാണം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നതിനിടയിലാണ് ഒന്നര വർഷം മുമ്പ് രക്താർബുദ ബാധിതനായത്. ലക്ഷങ്ങളിൽ ഒരാൾക്ക് മാത്രം സംഭവിക്കാവുന്ന അസുഖവുമായി ജീവിക്കുമ്പോഴും തന്റെ വേദന ആരെയും അറിയിക്കാതെ പുഞ്ചിരിക്കുന്ന മുഖവുമായി ജോലിയിൽ വ്യാപൃതനാവുകയായിരുന്നു അദ്ദേഹം.
ഡോ. അനൂപിന് അനുയോജ്യമായ രക്തത്തിന് വേണ്ടി വലിയ തോതിലുള്ള കാമ്പയിനാണ് സോഷ്യൽ മീഡിയയിലൂടെ നടന്നത്. അനൂപിന്റെ ജീവൻ തിരിച്ചുകിട്ടാനായി എല്ലാവരും ഒരുപോലെ പ്രാർത്ഥനയിൽ കഴിയുന്നതിനിടെ അസുഖം മൂർച്ഛിച്ച് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: തൃശൂർ സ്വദേശിനി ഡോ. ഇഷ. സഹോദരൻ: അനീഷ് (സോഫ്റ്റ്‌വെയർ എഞ്ചിനീയർ, ബംഗളൂരു). ഡോ. അനൂപിന്റെ വേർപാട് ഓർക്കാൻ കഴിയാത്ത വേദനയായെന്ന് എസ്.എൻ.ഡി.പി യോഗം ഡയറക്ടർ അഡ്വ. പി.കെ. വിജയൻ പറഞ്ഞു.