കൂത്തുപറമ്പ്: രണ്ടാഴ്ചയായി ലോക്ക് ഡൗൺ തുടരുന്ന അഞ്ചരക്കണ്ടി ടൗണിൽ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്ത്. കടകൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.
വേങ്ങാട് പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് രണ്ടാഴ്ച മുൻപ് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ രോഗിയുമായി ഒരു ബന്ധവുമില്ലാത്ത അഞ്ചരക്കണ്ടി ടൗൺ രണ്ടാഴ്ചയായി അടച്ചിടുന്നത് അംഗീകരിക്കാനാവില്ലെന്ന് ഏകോപന സമിതി ഭാരവാഹികൾ പറഞ്ഞു. ഭീമമായ നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടായിട്ടുള്ളത്. ഓണവിപണി ലക്ഷ്യം വച്ച് പണം മുടക്കിയവരും ദുരിതത്തിലായിരിക്കയാണ്. നിവേദനം നൽകിയെങ്കിലും നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എൻ.കെ. മുഹമ്മദ്, സെക്രട്ടറി കെ.പി. മോഹനൻ, ഒ.വി. മമ്മു, കെ.കെ. ജയരാജ്, ഉമ്മർ സാലി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.