കാഞ്ഞങ്ങാട്: തിരുവോണത്തിന് ഒരുദിവസം മാത്രം ശേഷിക്കെയും മുൻകാലങ്ങളെ അപേക്ഷിച്ച് ടൗണിൽ തിരക്ക് കുറവ്. ഇന്ന് ഉത്രാട ദിവസത്തെയാണ് വ്യാപാരികൾ പ്രതീക്ഷയോടെ നോക്കിക്കാണുന്നത്. കൊവിഡ് വ്യാപനഭീതി തന്നെയാണ് തിരക്ക് കുറയുന്നതിന്റെ കാരണമായി കാണുന്നത്.

കാഞ്ഞങ്ങാട്ട് ഓണ വഴിവാണിഭം ഇക്കുറി പേരിനുപോലുമില്ല. ഒരാഴ്ച മുമ്പ് ഡിവൈ.എസ്.പിയുടെ സാന്നിദ്ധ്യത്തിൽ നഗരത്തിലെ ഓണത്തിരക്ക് നിയന്ത്രിക്കാൻ നടപടി എടുത്തിരുന്നു. പൂ കച്ചവടക്കാർ ഉൾപ്പെടെയുള്ള വഴിവാണിഭക്കാർ ആലാമിപ്പള്ളി ബസ് സ്റ്റാൻഡിൽ കച്ചവടം നടത്തണമെന്നായിരുന്നു അറിയിപ്പ് . കർണാടക-തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ് ഓണത്തിന് പൂക്കളെത്തുന്നത്. കൊവിഡ് കാലമായതിനാൽ ആരും തന്നെ പൂക്കളുമായി എത്തിയിട്ടില്ല. വഴിവാണിഭം ഇല്ലാത്തതുകൊണ്ടുതന്നെ മറ്റു കടകളിലും ആൾക്കാരില്ലാത്ത സ്ഥിതിയാണെന്നും വ്യാപാരികൾ പറയുന്നു.

കൊവിഡ് കാലമായതിനാൽ നാട്ടുമ്പുറത്തെ ക്ലബ്ബുകളും മറ്റും ആഘോഷത്തിനു നീക്കിവച്ച തുകകൊണ്ട് ഓണക്കിറ്റുകളൊരുക്കി നൽകുകയാണ്. സ്വാമി നിത്യാനന്ദാശ്രമത്തിൽ എല്ലാ ഓണനാളിലും ഉണ്ടാകുന്ന പൂക്കളമത്സരം ഇത്തവണ ഇല്ല. സംസ്ഥാനത്തു തന്നെ ഏറ്റവും ശ്രദ്ധേയമായ പൂക്കളമത്സരം നടക്കുന്ന ഇടമായിരുന്നു ആശ്രമം.