തളിപ്പറമ്പ: "എന്റെ ഓണ സദ്യക്ക് എന്റെ പച്ചക്കറി" എന്ന നൂതന കാർഷിക സന്ദേശവുമായി രംഗത്തെത്തിയ മൂത്തേടത്ത് എൻ.എസ്.എസ് യൂണിറ്റ് വളണ്ടിയർമാരുടെ വീടുകളിൽ ഒരുക്കിയ പച്ചക്കറിത്തോട്ടങ്ങളിൽ ഉത്സവാന്തരീക്ഷത്തിൽ ആദ്യഘട്ട വിളവെടുപ്പ്.
വേനലവധിക്കാലത്ത് പാടത്തും പറമ്പിലും ക്രിക്കറ്റും ഫുട്ബാളും കളിച്ചു നടന്ന വിദ്യാർത്ഥികൾക്ക് ലോക്ഡൗണോടെ ബ്രേക് വീണതോടെ ഇനിയെന്ത് എന്ന ചോദ്യത്തിനുത്തരമായി ഓൺലൈൻ ക്ലാസുകൾ കഴിഞ്ഞുള്ള സമയത്ത് ഹരിതകാന്തി' എന്ന പേരിൽ പച്ചക്കറി കൃഷി ആരംഭിക്കുക എന്ന നിർദ്ദേശം ജില്ലാ തലത്തിൽ എൻ.എസ്.എസ്. സെൽ മുന്നോട്ട് വയ്ക്കുകയായിരുന്നു. ഓരോ വിദ്യാർത്ഥിയും അവരവരുടെ വീടുകളിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുകയും ഓണത്തിന് മുമ്പ് വിളവെടുക്കുകയും ചെയ്യുക എന്ന ആശയം 50 വളണ്ടിയർമാരും ഏറ്റെടുത്ത് പച്ചക്കറി കൃഷി ആരംഭിക്കുകയായിരുന്നു.
എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറായ പി.വി.രസ്ന മോളും ലീഡർമാരായ നിവേദ് രാജും ആവണിയും നവ്യയും കീർത്തനയും തീർത്ഥയും ആദർശും ആദിത്യനും അഭിഷേക് മന്നനും ഓൺലൈൻ മീറ്റിംഗുകളിലൂടെ പ്രവർത്തന പുരോഗതി വിലയിരുത്തുകയും ആവശ്യമായ സഹായങ്ങൾ ചെയ്യുകയും ചെയ്തു. രക്ഷിതാക്കളുടെ കൂടെ സഹായം ലഭിച്ചതോടെ വെണ്ടയും കക്കിരിയും ചേനയും മത്തനും പയറും കയ്പയും പച്ചമുളകും ഉൾപ്പെടെ നൂറു കണക്കിന് പച്ചക്കറികൾ ഓണത്തിന് മുമ്പ് വിളവെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികൾ. ഒരു നൂതന കാർഷിക സംസ്കാരത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതോടെ സ്കൂൾ തുറക്കുന്നത് ഇനിയും വൈകിയാൽ ഒക്ടോബർ മാസത്തിൽ ശീതകാല പച്ചക്കറി കൃഷി കൂടി ആരംഭിക്കാനുള്ള മുന്നൊരുക്കത്തിലാണ് മൂത്തേടത്ത് എൻ.എസ്.എസ്. ടീം.