കാസർകോട്: കൊവിഡ് പശ്ചാത്തലത്തിൽ നാടെങ്ങും ഓൺലൈനിൽ ഓണം ആഘോഷിക്കാനൊരുങ്ങുമ്പോൾ കാസർകോട് ബി.ആർ. സിയുടെ നേതൃത്വത്തിലുള്ള വൈറ്റ് ബോർഡ് ഓൺലൈൻ ഗ്രൂപ്പുകളിൽ ഓണപ്പാട്ടും പൂക്കളവുമായി ഓണാഘോഷം പൊടിപൊടിക്കുന്നു. എസ്.എസ്.കെയും ബി.ആർ.സിയുടെയും നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെ ഓൺലൈൻ ക്ലാസുകൾക്കായി രൂപീകരിച്ച വൈറ്റ് ബോർഡ് വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് മത്സരം നടക്കുന്നത്.
ഓണപ്പാട്ട്, പൂക്കള മത്സരം,പ്രച്ഛന്നവേഷം, ഓണപ്പതിപ്പ് എന്നീ മത്സരങ്ങളിൽ വീട്ടിൽ ഇരുന്ന് പങ്കെടുത്ത് ഫോട്ടോയും വീഡിയോയും ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയും ഇതിൽ നിന്ന വിജയികളെ തിരഞ്ഞെടുക്കുകയുമാണ്.
ആകർഷകമായ വൈറ്റ് ബോർഡ് ക്ലാസുകൾക്ക് പുറമെ ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസിക സമ്മർദ്ദം കുറക്കുന്നതിന് വിദഗ്ധരുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തി ഓൺലൈൻ ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. ബി.ആർ.സിയുടെ നേതൃത്വത്തിൽ കിടപ്പിലായ നാലു കുട്ടികൾക്ക് ഓണപ്പുടവയും ഓണക്കിറ്റും നൽകി.