devi
ലൈഫ് ഭവന പദ്ധതി ഗുണഭോക്താവായ എ. ദേവി മകനൊപ്പം വീട്ടിൽ

തളിപ്പറമ്പ് : 'ഇപ്പൊ ധൈര്യായി കെടന്നുറങ്ങാ... ഭയോന്നൂല്ല, സന്തോഷം മാത്രേ ഉള്ളൂ...' ഇത് കുറുമാത്തൂർ പഞ്ചായത്തിലെ എ. ദേവിയുടെ വാക്കുകൾ. ലൈഫ് ഭവനപദ്ധതിയിൽ തളിരിട്ട ലക്ഷക്കണക്കിന് ജീവിതങ്ങളിൽ ഒന്ന്. ദേവിക്ക് മാത്രമല്ല കൂനത്തെ സരസ്വതിക്കും ഇത് സുരക്ഷിതത്വത്തിന്റെ പൊന്നോണക്കാലമാണ്. മാനസികാസ്വാസ്ഥ്യമുള്ള മകനുമായി ദേവിക്കും പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി സരസ്വതിക്കും മനസമാധാനത്തോടെ സ്വന്തം കിടപ്പാടങ്ങളിൽ ഇപ്പോൾ തലചായ്ക്കാം.

കുറുമാത്തൂർ പഞ്ചായത്തിലെ 17ാം വാർഡ് സ്വദേശിയാണ് ദേവി. ഭർത്താവ് ലക്ഷ്മണന് കൂലിപ്പണിയാണ്. രണ്ട് മക്കൾ. മകളെ വിവാഹം ചെയ്തയച്ചു. 27 കാരനായ മകൻ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ ചെയ്യുന്നു. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും അന്തിയുറങ്ങാൻ ഒരു കൂരയുണ്ടല്ലോ എന്ന ആശ്വാസവും അവസാനിച്ചത് പൊടുന്നനെയായിരുന്നു. കാലപ്പഴക്കത്താൽ ജീർണ്ണിച്ച വീട് തകർന്നു വീണപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി രണ്ട് വർഷത്തോളം ഒറ്റമുറി ഷെഡ്ഡിൽ താമസം. പിന്നീടാണ് ലൈഫ് പദ്ധതിയെക്കുറിച്ചറിയുന്നതും അപേക്ഷിക്കുന്നതും. ആറ് മാസം കൊണ്ട് വീട് റെഡി.

'മോനേം കൊണ്ട് ആകെ വിഷമിച്ചു. ഞാൻ നേരാംവണ്ണം ഉറങ്ങാറൊന്നും ഇല്ല. വീട്ടിൽ നിൽക്കാൻ തന്നെ പേടിയായിരുന്നു. പക്ഷേ ഇപ്പൊ ആ പേടിയൊന്നും ഇല്ല. ധൈര്യായി ഉറങ്ങാൻ കെടക്കാം ' ദേവി പറയുന്നത് പോലെ അടച്ചുറപ്പുള്ള വീട്ടിൽ കഴിഞ്ഞ ഏഴ് മാസമായി മനസ്സമാധാനത്തോടെ കഴിയുകയാണ് ഈ കുടുംബം.

സരസ്വതിയും ഹാപ്പി
കൂനത്തെ ടി.വി സരസ്വതിക്കും പറയാനുണ്ട് ദേവിയെപ്പോലെ സുരക്ഷിതത്വത്തിന്റെ മറ്റൊരനുഭവം. അഞ്ച് വർഷം മുമ്പ് ഭർത്താവ് ഉപേക്ഷിച്ച് പോകുമ്പോൾ പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളും പഴകി ദ്രവിച്ച വീടും മാത്രമേ സരസ്വതിക്ക് കൂട്ടായി ഉണ്ടായിരുന്നുള്ളൂ. ചോർന്നൊലിക്കുന്ന വീട്ടിൽ മക്കളായ അഭിനന്ദിനും ശ്രീലക്ഷ്മിയ്ക്കുമൊപ്പം ദിനങ്ങൾ തള്ളിനീക്കുമ്പോൾ ഭയം മാത്രമായിരുന്നു മനസ്സിൽ. എന്നാൽ ഓർക്കാൻ ഇഷ്ടപ്പെടാത്ത ആ ഭൂതകാലത്തിലല്ല സരസ്വതിയും മക്കളും ഇന്ന്. മഴ പെയ്താൽ ചോർന്നൊലിക്കാത്ത പുത്തൻ വീടെന്ന സ്വപ്നം മൂന്ന് മാസം മുമ്പ് ഇവർക്ക് യാഥാർഥ്യമായി. ലൈഫ് നൽകിയ ഈ വീടിനുള്ളിൽ കളിചിരിയുമായി ഹാപ്പിയാണ് അഭിനന്ദിനും ശ്രീലക്ഷ്മിയ്ക്കുമൊപ്പം സരസ്വതി.