കൂത്തുപറമ്പ്: തിരക്കില്ലാത്ത ഉത്രാടദിനം കൂത്തുപറമ്പ് ടൗണിന് ആദ്യാനുഭവമായി. നിയന്ത്രണങ്ങളിൽ ഇളവ് നൽകിയെങ്കിലും ജനങ്ങൾ സ്വമേധയാ ടൗണിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഓണത്തോടനുബന്ധിച്ച് ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്കും മറ്റും ഇളവ് നൽകിയിട്ടുണ്ടെങ്കിലും പ്രയോജനമില്ലാത്ത അവസ്ഥയിലായിരുന്നു മിക്ക വ്യാപാരികളും.
ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ബസുകളും കുറവായിരുന്നു. ആളുകൾ എത്താതായതോടെ ടൗണിലെ അഞ്ഞൂറോളം വരുന്ന ഓട്ടോറിക്ഷാ തൊഴിലാളികളും ദുരിതത്തിലായി. മുൻ വർഷങ്ങളിൽ ഉത്രാട ദിവസങ്ങളിലും തലേന്നും അനിയന്ത്രിതമായ തിരക്കാണ് കൂത്തുപറമ്പ് ടൗണിൽ അനുഭവപ്പെട്ടിരുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പൂകച്ചവടക്കാർക്കും, ഫുട്പാത്ത് കച്ചവടക്കാർക്കും നഗരസഭാ സ്റ്റേഡിയത്തിൽ പ്രത്യേക സൗകര്യം തന്നെ നഗരസഭാ അധികൃതർ ഒരുക്കിയിരുന്നു. പ്രളയത്തിനിടയിലും അഭൂതപൂർവ്വ തിരക്കായിരുന്നു കഴിഞ്ഞ ഉത്രാട നാളിലും കൂത്തുപറമ്പിൽ.