തൃക്കരിപ്പൂർ: കൊവിഡ് നമ്മുടെ നാട്ടിൽ പല മാറ്റങ്ങളും കൊണ്ടുവരികയാണ്. മത്സ്യക്കച്ചവടത്തിൽ വന്നമാറ്റം ഇന്ന് നഗരത്തിലും ഗ്രാമങ്ങളിലുമെല്ലാം നിറഞ്ഞുകാണുന്ന കാഴ്ചയായിരിക്കുന്നു. കൊവിഡ് പല തൊഴിൽ മേഖലകളെയും പ്രതികൂലമായി ബാധിച്ചപ്പോൾ നിരവധി പേർ മത്സ്യവില്പനയിലേക്കെത്തിയിരിക്കുകയാണ്. വഴിയോരങ്ങളും ചെറുകവലകളുമെല്ലാം ഇത്തരക്കാർ കൈയടക്കുന്ന കാഴ്ചയാണ് ഇപ്പോഴെവിടെയും. ടൗണിലെ മത്സ്യ മാർക്കറ്റ് കേന്ദ്രീകരിച്ച് മത്സ്യവിൽപ്പന എന്ന പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി ഗ്രാമങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലെ റോഡുമുക്കുകളിൽ ഇന്ന് മീൻ കച്ചവടം സജീവമായതിന് പിന്നിൽ കൊവിഡ് തന്നെയാണെന്നാണ് പറയുന്നത്. ഓണക്കാലമായതോടെ ഇത്തരത്തിലുള്ള മീൻ കച്ചവടം പൊടിപൊടിക്കുന്നു.
കൊവിഡ് സമ്പർക്ക വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യ മാർക്കറ്റുകൾ അടച്ചിട്ട കാലത്തും ഇതുകൊണ്ട് പലർക്കും മത്സ്യം ലഭിച്ചിരുന്നതായി പറയുന്നു. തൃക്കരിപ്പൂർ പഞ്ചായത്ത് മാർക്കറ്റിനെ കൂടാതെ തങ്കയം മുക്ക്, എടാട്ടുമ്മൽ ആലുംവളപ്പ്, മുള മുക്ക്, കിഴക്കേക്കര, തങ്കയം, ഇളമ്പച്ചി, ഒളവറ, വെള്ളാപ്പ്, ഇടയിലക്കാട് തുടങ്ങി മുക്കിലും മൂലയിലുമായി തൊഴിൽ നഷ്ടപ്പെട്ട യുവാക്കളുടെ മീൻ വിൽപ്പന സജീവമാണ്.
ചെറുവത്തൂർ, പിലിക്കോട്, ചീമേനി, പടന്ന തുടങ്ങിയ പഞ്ചായത്തുകളിലും ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട്. ഓണക്കാലമായതോടെ നാലാൾ കൂടുന്ന സ്ഥലങ്ങളിൽ നിന്നൊക്കെ ഇന്ന് മീൻ ലഭിക്കുമെന്ന സ്ഥിതിയായിട്ടുണ്ട്. അയലയും മത്തിയും മറ്റു മീനുകളുമായി പുതിയ മത്സ്യത്തൊഴിലാളികൾ രാവിലെ മുതൽ മീൻ വിൽപ്പന തകൃതിയായി നടത്തുകയാണ്. രാവിലെ തുടങ്ങിയ മത്സ്യ വ്യാപാരം ഉച്ചക്ക് 12 മണിയാകുന്നതോടെ കൊട്ട കാലിയാവുന്ന സ്ഥിതിയാണെന്നതും ഈ തൊഴിൽ മേഖലയുടെ അനുകൂല ഘടകമാണ്. തൊഴിൽ നഷ്ടപ്പെട്ടവരാണ് മീൻ വിൽപ്പനയുമായി രംഗത്തെത്തിയതെന്ന് തിരിച്ചറിഞ്ഞ ജനങ്ങൾ സഹകരിക്കുന്നതും മുക്കുകളിലെ മീൻ കച്ചവടം പോസിറ്റാവുകയാണെന്ന് പറയുന്നു.
ഹാപ്പിയാണ് എല്ലാവരും
ബിസിനസ് എക്സിക്യൂട്ടീവുകൾ, കമ്മീഷൻ ഏജന്റുമാർ തുടങ്ങിയ വെള്ളക്കോളർ ജോലിക്കാർ മുതൽ ഓട്ടോറിക്ഷ തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ തുടങ്ങി കലാ പ്രവർത്തകർ വരെയുള്ള തൊഴിൽ നഷ്ടപ്പെട്ട വലിയൊരു വിഭാഗം മീൻ വിൽപ്പന ഉപജീവന മാർഗ്ഗമാക്കിയിരിക്കുകയാണ്. മീൻ വില്പനയിലിന്ന് ജാതി-മത വ്യത്യാസമില്ലാത്ത ഇടപെടലുകൾ നടക്കുകയാണ്. നഗരത്തിലെ മാർക്കറ്റുകളിൽ കിട്ടുന്ന അതേ വിലയിൽ വീട്ടുമുറ്റത്ത് മീൻ ലഭിക്കുന്നുവെന്നത് ഉപഭോക്താക്കളെയും ഹാപ്പിയാക്കുന്നു.
രാവിലെ മുതൽ ഉച്ചവരെ ജോലി ചെയ്താൽ 500 രൂപയെങ്കിലും വരുമാനം ലഭിക്കുന്നത് പുതുതായി ഈരംഗത്തെ ആശ്രയിക്കുന്നവർക്ക് ആശ്വാസമാണ്.
മത്സ്യവില്പന നടത്തുന്ന തൊഴിലാളി