stadium
ഉത്രാട നാളിൽ ആളൊഴിഞ്ഞ കണ്ണൂർ സ്റ്റേഡിയം കോർണർ

കണ്ണൂർ: ഉത്രാട നാളിലും സജീവമാകാതെ ഓണവിപണി. ഇതോടെ വ്യാപാരികൾക്കിത് നിരാശയുടെ ഓണം. കൊവിഡ് പ്രതിസന്ധി ഈ ഓണത്തെ കാര്യമായി തന്നെ ബാധിച്ചു. വഴിയോര കച്ചവടക്കാർക്ക് കച്ചവടത്തിന് അനുമതി ഇല്ലാത്തതും നഗരത്തിലെ തിരക്ക് വലിയ തോതിൽ ഇല്ലാതാക്കി. ഓണത്തിന് സാധാരണ തിരക്കിലമരാത്ത സ്റ്റേഡിയം കോർണർ കണ്ണൂരുകാർക്ക് സങ്കല്പിക്കാൻ പോലും കഴിയാത്തതാണ്. അവർക്ക് ഇന്നലത്തെ കാഴ്ച പുതുമയായി.

മാത്രമല്ല വസ്ത്ര, ഇലക്ട്രോണിക്സ്, മറ്റ് വ്യാപാര സ്ഥാപനങ്ങളെല്ലാം വീടുകളിൽ സാധനം എത്തിച്ചുകൊടുക്കുന്ന സംവിധാനം ഉള്ളതു കൊണ്ടുതന്നെ നഗരത്തിലേക്കുള്ള ആളുകളുടെ ഇടിച്ചുകയറ്റം വലിയതോതിൽ കുറഞ്ഞു. പൂക്കൾക്ക് അടക്കം ഓൺലൈൻ വഴിയുള്ള വിൽപ്പനയാണ് ഇക്കുറി കൂടുതലും. ഓണത്തോടനുബന്ധിച്ച് നഗരത്തിൽ സജീവമാകാറുള്ള വിവിധ മേളകളും കൊവിഡ് പശ്ചാത്തലത്തിൽ ഇല്ലാതായി.

പൊലീസ് മൈതാനവും ടൗൺ സ്‌ക്വയറുമെല്ലാം ഒഴിഞ്ഞു കിടക്കുകയാണ്. സർക്കാരിന്റെ കൈത്തറി, ഖാദി സ്ഥാപനങ്ങൾ സാധാരണ ഓണം, വിഷു സീസണുകളിലാണ് കൂടുതലായും ലാഭം കൊയ്യുന്നത്. സർക്കാർ റിബേറ്റിലാണ് വിൽപ്പന നടത്തുന്നതെങ്കിലും ഒരു വർഷത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലം ഇക്കുറി ലഭിക്കാതെ പോകുമോയെന്ന ആശങ്കയിലാണ് മേഖലയിലുള്ളവർക്ക്.