കണ്ണൂർ: പൂക്കൾ വിൽക്കാൻ സർക്കാർ അനുമതി ഉണ്ടെങ്കിലും ഇതര സംസ്ഥാനത്തു നിന്ന് പൂ വിൽക്കാൻ എത്തിയവർക്ക് കച്ചവടത്തിന് അനുവാദമില്ല. വഴിയോര കച്ചവടത്തിന് കർശന നിയന്ത്രണമേർപ്പെടുത്തിയ സാഹചര്യത്തിൽ നിലവിൽ മൈസൂരിൽ നിന്നും ബംഗളൂരുവിൽ നിന്നുമെല്ലാം പൂക്കളുമായി എത്തിയവരെ തിരികെ പറഞ്ഞയച്ചു.
നഗരത്തിലെ ചില ലോഡ്ജുകളിൽ പൂക്കളുമായി വന്ന് താമസിക്കാൻ ഒരുങ്ങിയതാണ് ഇവർ. ഓണ സീസൺ പ്രതീക്ഷിച്ച് നേരത്തെ ലോഡ്ജുക ളിൽ മുറി ആവശ്യപ്പെട്ട് വിളിച്ച ഇതര സംസ്ഥാനക്കാർക്ക് ലോഡ്ജിൽ മുറി കൊടുക്കാത്ത സാഹചര്യവും ഉണ്ടായിരുന്നു. ഓണക്കാലം പ്രതീക്ഷിച്ച് വലിയ തയ്യാറെടുപ്പുക്കളും മുന്നൊരുക്കങ്ങളും ഇവർ നടത്തിയിരുന്നു. കൊണ്ടു വന്ന പൂക്കൾ തിരികെ നാട്ടിലെത്തിക്കുമ്പോഴേക്കും വാടി നാശമായിട്ടുമുണ്ടാകും.
എന്നാൽ പൂക്കൾക്ക് ആവശ്യക്കാരുണ്ടെങ്കിൽ കൂടി വിൽക്കാൻ അനുവാദമില്ലാത്ത സാഹചര്യത്തിൽ വലിയ നഷ്ടം സഹിക്കേണ്ടി വന്ന സങ്കടത്തിലാണ് വിൽപ്പനക്കാർ . അതേ സമയം ഗ്രാമപ്രദേശങ്ങളിൽ പൂവിൽപ്പന നല്ല രീതിയിൽ തന്നെ നടക്കുന്നുണ്ട്. പലരും ഓൺ ലൈൻ വഴിയും പൂവിൽപ്പന നടത്തുന്നുണ്ട്. മുനീശ്വരൻ കോവിലിന് സമീപം സ്ഥിരമായി പൂക്കൾ വിൽക്കുന്ന കടകളിൽ മാത്രമാണ് ഓണപ്പൂക്കൾ എത്തിയിട്ടുള്ളത്.