പഴയങ്ങാടി: മാടായിപ്പാറയിലെ തവരത്തടം പ്രദേശത്ത് പച്ചക്കറി കൃഷിയിൽ വിജയഗാഥയുമായി കർഷകരുടെ കൂട്ടായ്മ. അഞ്ച് ഹെക്ടർ പ്രദേശത്താണ് ഇക്കുറി പച്ചക്കറി കൃഷി നടത്തിയത്. അറുപതോളം കർഷകരുടെ കൂട്ടായ്മയിലാണ് പച്ചക്കറി കൃഷി നടത്തിയത്.
മാടായി പഞ്ചായത്ത് കൃഷിഭവന്റെയും കൃഷി ഓഫിസർ ടി. വിനോദ് കുമാറിന്റെയും സഹകരണത്തോടെയായിരുന്നു പച്ചക്കറി കൃഷി. വെള്ളരി, വെണ്ട, പയർ, കൈപ്പ തുടങ്ങി വ്യത്യസ്തങ്ങളായ പച്ചക്കറി കൃഷിയാണ് നടന്നത്. കാലാവസ്ഥ വ്യതിയാനവും കാട്ടുപന്നിയും മറ്റും കൃഷി നശിപ്പിക്കുന്നത് കർഷകർക്ക് ദുരിതം ആയിട്ടുണ്ടെങ്കിലും ഇത്തവണ മികച്ച രീതിയിലുള്ള പച്ചക്കറി തന്നെ ലഭിച്ചതിൽ ഏറെ ആഹ്ലാദത്തിലാണ് കർഷകർ.