കാഞ്ഞങ്ങാട്: അലാമിപ്പള്ളി ബസ് സ്റ്റാൻഡിൽ പുഷ്പോത്സവം. തിരുവോണത്തിനു പൂക്കളമൊരുക്കാൻ വേണ്ട ജമന്തിയും മല്ലികയുമായി ശനിയാഴ്ച രാത്രിയോടെയാണ് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നായി പൂക്കച്ചവടക്കാർ എത്തിയത്. കൊവിഡ് കാലമായതിനാൽ നാട്ടിൻ പുറങ്ങളിൽ പതിവായി ഉണ്ടാകാറുള്ള പൂക്കള മത്സരം ഇത്തവണയില്ല.
എന്നാലും വീട്ടുമുറ്റങ്ങളിൽ പൂവിടുന്നതിനു മലയാളി വില കൊടുത്താണെങ്കിലും പൂക്കൾ വാങ്ങിക്കുമെന്ന് കണ്ടതിനാലാണ് ഇത്തവണ വൈകി പൂക്കാർ എത്തിയത്. മുൻവർഷങ്ങളിൽ ഓണത്തിന് ഒരാഴ്ച മുമ്പുതന്നെ പൂക്കച്ചവടവും തുടങ്ങും. രോഗാതുരമായ കാലമായതിനാൽ ഇത്തവണ ഉത്രാട നാളിലെ കച്ചവടം മാത്രമേ ലഭിച്ചുള്ളൂ. ഇപ്രാവശ്യം കച്ചവടത്തിനെത്തുന്ന അയൽ സംസ്ഥാനക്കാർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയുമുണ്ടായിരുന്നു.
അതിനു പുറമെ കോട്ടച്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് വഴി വാണിഭം പാടില്ലെന്നും അധികൃതർ നിർദ്ദേശിച്ചിരുന്നു. ഇതൊക്കെ കൊണ്ടുതന്നെ കാഞ്ഞങ്ങാടിന്റെ വ്യാപാര സിരാകേന്ദ്രമായ കോട്ടച്ചേരിയിൽ ഉത്രാട തലേന്നു പോലും തിരക്കുണ്ടായിരുന്നില്ല.