manikkamma
നവോദയ ഗ്രന്ഥാലയം പ്രവർത്തകർ മാണിക്കമ്മയ്ക്ക് ഓണക്കോടി നൽകുന്നു

മാണിക്കമ്മയ്ക്ക് ഓണക്കോടിയുമായി ഗ്രന്ഥാലയം പ്രവർത്തകർ

തൃക്കരിപ്പൂർ: ഇടയിലക്കാട് കാട്ടിലെ വാനരന്മാർക്ക് ഇത്തവണയും ഓണസദ്യയൊരുക്കും. തിരുവോണത്തിന് ശേഷം അവിട്ടം നാളിലാണ് ഈ കാട്ടിലെ അന്തേവാസികളായ വാനരപ്പടക്ക് പഴങ്ങളും പച്ചക്കറികളുമടങ്ങുന്ന സദ്യ ഒരുക്കുന്നത്. ഇതിനോടനുബന്ധമായി കാലങ്ങളോളം വാനരന്മാരെ നിത്യവും ചോറൂട്ടിയ കിടപ്പിലായ എഴുപതുകാരിയായ ചാലിൽ മാണിക്കമ്മയ്ക്ക് ഓണക്കോടിയും ഓണക്കോളുമായി ഇടയിലക്കാട് നവോദയ ഗ്രന്ഥാലയം പ്രവർത്തകരെത്തി.

കഴിഞ്ഞ 12 വർഷവും വാനരർക്ക് ഓണക്കാലത്ത് ബോധവൽക്കരണത്തിന്റെ ഭാഗമായി നടത്തി വരുന്ന അവിട്ടം നാളിലെ വാനര സദ്യ ഒരുക്കിയിരുന്നതു ഗ്രന്ഥാലയമായിരുന്നു. ഈ വാനരക്കൂട്ടത്തിന് ഇരുപത് വർഷത്തോളം മുറതെറ്റാതെ ചോറൂട്ടിയ മാണിക്കത്തിന് ഫെബ്രുവരിയിലാണ് അസുഖം പിടിപെട്ട് കിടപ്പിലായത്. കൊവിഡ് ലോക്ക്ഡൗൺ കാലത്ത് കുറച്ചു ദിവസം വാനരപ്പടയ്ക്ക് ഭക്ഷണം വേണ്ടത്ര കിട്ടാതെ വന്നപ്പോൾ എം. രാജഗോപാലൻ എം.എൽ.എയും നാട്ടുകാരും തുണയായെത്തിയിരുന്നു. പിന്നീട് ഓട്ടോറിക്ഷ ഡ്രൈവറായ കെ. മഹേഷും നാട്ടുകാരും മുടക്കംവരാതെ ഭക്ഷണ ചുമതല ഏറ്റെടുത്തു. ഉപ്പു ചേർക്കാത്ത ചോറും പഴങ്ങളുമാണ് ഭക്ഷണമായി നൽകുന്നത്. വലതു കൈ വേണ്ട നിലയിൽ ചലിപ്പിക്കാനാകാതെ വീട്ടിനകത്തു തന്നെ കഴിയുന്ന മാണിക്കമ്മ തന്നെ കാണാനെത്തുന്നവരോട് വാനരക്കുഞ്ഞുങ്ങളുടെ അന്നംമുടങ്ങരുതെന്ന് ഇടയ്ക്കിടെ ഓർമിപ്പിക്കും.