പയ്യന്നൂർ: ഭവന രഹിത പയ്യന്നൂർ എന്ന ലക്ഷ്യത്തിലേക്കടുത്ത് നഗരസഭ. പിഎംഎവൈ ലൈഫ് പദ്ധതിയിൽ നിർമ്മാണം പൂർത്തിയാക്കിയ അഞ്ഞൂറാമത്തെ വീടിന്റെ പൂർത്തീകരണ പ്രഖ്യാപനം കാറമേലിലെ പി ടി രാഗിണിക്കു താക്കോൽ നൽകി സി. കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു.
ലൈഫ് ഭവനപദ്ധതിയിൽ നഗരസഭയിൽ അംഗീകാരം ലഭിച്ച് നിർമ്മാണം തുടങ്ങിയ 666 വീടുകളിൽ അഞ്ഞൂറെണ്ണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. 26.64 കോടി രൂപയാണ് ഇതിനായി ചെലവായത്. നഗരസഭാ വിഹിതമായ 12 കോടിയോളം രൂപയും സംസ്ഥാന കേന്ദ്ര വിഹിതമായ 10 കോടിയോളം രൂപയും ഇതിനായി വിനിയോഗിച്ചു. ഇതിനു പുറമെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം 26 ലക്ഷത്തോളം രൂപയും ഗുണഭോക്താക്കൾക്ക് അധിക സഹായവും നൽകി.
പദ്ധതിയിൽ പുതുതായി അംഗീകാരം ലഭിച്ച 73 ഗുണഭോക്താക്കൾക്കുള്ള വീടുകളുടെ നിർമ്മാണം തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ഭൂരഹിത ഭവന രഹിതർക്കായി അഞ്ചരക്കോടി രൂപ ചെലവിൽ ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കുന്നതിനുള്ള ടെണ്ടർ നടപടികളും ആരംഭിച്ചു കഴിഞ്ഞു. നഗരസഭ അദ്ധ്യക്ഷൻ ശശി വട്ടക്കൊവ്വൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, കൗൺസിലർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.