പാനൂർ: പന്ന്യന്നൂർ കൊറ്റോൽ മാണിക്കോത്ത് ശ്രീപോർക്കലി ഭഗവതി ക്ഷേത്രത്തിൽ കവർച്ച. ഇന്നലെ കാലത്ത് ക്ഷേത്രത്തിലെത്തിയ പരികർമ്മിയാണ് മോഷണവിവരം ആദ്യമായി അറിയുന്നത്. ക്ഷേത്ര ഭണ്ഡാരം എടുത്തു കൊണ്ടുപോയ നിലയിൽ കണ്ട പരികർമ്മി ഭാരവാഹികളെ വിവരമറിയിച്ചു.
കൊവിഡായതിനാൽ ഏറെ മാസം ഭണ്ഡാരം തുറന്നിരുന്നില്ല. എല്ലാമാസവും സംക്രമ പൂജ നടക്കുന്ന ക്ഷേത്രമാണിത്. ക്ഷേത്ര ഭാരവാഹികൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പാനൂർ പൊലീസ് അന്വേഷണം തുടങ്ങി. എസ്.ഐ കെ.വി ഗണേഷും സംഘവും നടത്തിയ പരിശോധനയിൽ ഭണ്ഡാരം പൊളിച്ച നിലയിൽ അടുത്ത പറമ്പിൽ നിന്നും കണ്ടെത്തി.