പയ്യാവൂർ: മക്കൾക്ക് വിഷം നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയുടെ ഇളയമകൾ രണ്ടര വയസുകാരി ചികിത്സയിലിരിക്കെ മരിച്ചു. പയ്യാവൂർ പൊന്നുംപറമ്പിലെ ചുണ്ടക്കാട് ഹൗസിൽ അനീഷ്-സ്വപ്ന ദമ്പതികളുടെ മകൾ അൻസില എന്ന അക്കു ആണ് മരിച്ചത്. മാതാവ് സ്വപ്നയും മൂത്തമകൾ 13 വയസുകാരി അൻസീനയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ എലിവിഷം ഐസ്‌ക്രീമിൽ ചേർത്ത് സ്വപ്നയും മക്കളും കഴിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ഫോൺ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്വപ്നയെയും മക്കളെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം ഗുരുതരാവസ്ഥയിലായിരുന്ന ഇളയകുട്ടിയെ കോഴിക്കോട്ടേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റിയെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു.
പയ്യാവൂർ ടൗണിൽ അക്കൂസ് കളക്ഷൻ എന്ന ടെക്സ്റ്റൈൽ സ്ഥാപനം നടത്തിവരികയായിരുന്നു സ്വപ്ന. ഭർത്താവ് അനീഷ് ഇസ്രയേലിൽ ജോലി ചെയ്യുകയാണ്. സാമ്പത്തിക ബാദ്ധ്യതയാണ് ഇവരെ ആത്മഹത്യാ ശ്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കുട്ടിയുടെ മൃതദേഹം പയ്യാവൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനാ ഫലം ലഭിച്ചശേഷമേ സംസ്കാരമുണ്ടാകൂ.