കണ്ണൂർ: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നാടും നഗരവും നിശബ്ദമായി ഓണം ആഘോഷിക്കുന്ന വേളയിൽ തിരുവനന്തപുരം കാരക്കോണത്തെ അനു ആത്മഹത്യ ചെയ്തത് പി.എസ്.സി അധികൃതരുടെ ക്രൂര വിനോദത്തിന്റെ ഭാഗമായാണെന്ന് കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം. പി. ആരോപിച്ചു. കുറേനാളുകളായി പി.എസ്.സിയുടെ ഏകാധിപത്യ പ്രവണതയിൽ ആശങ്കാകുലരാണ് ഇവിടുത്തെ യുവജനങ്ങൾ.
പി.എസ്.സി യുടെ തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ ശരിപ്പെടുത്തിക്കളയുമെന്നാണ് അധികൃതർ പറയുന്നത്. ആരോപണമുന്നയിക്കുന്നവരെ തൂക്കിലേറ്റാൻ ഇവിടെ രാജഭരണമല്ലെന്ന് പി.എസ്.സി അധികൃതർ ഇനിയെങ്കിലും മനസ്സിലാക്കണം. അതല്ല, പി.എസ്.സി. ചെയർമാൻ പിണറായിക്ക് പഠിക്കുകയാണെങ്കിൽ അതു പറയണം. അധികാരത്തിന്റെ ധാർഷ്ട്യം കാണിച്ചുകൊണ്ട് യുവജനങ്ങൾ ക്കെതിരെ വാളുയർത്തിയാൽ ഇന്നല്ലെങ്കിൽ നാളെ മറുപടി പറയേണ്ടി വരും. ഇതിനേക്കാൾ വലിയ ഏകാധിപതികളെ നിലയ്ക്ക് നിറുത്തിയ ചരിത്രം ഈ നാടിനുണ്ടെന്നും എം.പി പറഞ്ഞു.