news
പൈപ്പ് പൊട്ടി കുടിവെള്ളം ഒഴുകുന്നു

പേരാമ്പ്ര: പന്തിരിക്കര വി.കെ റോഡിൽ ചാലുപറമ്പിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെളളം പാഴാകുന്നു. പൈപ്പ് പൊട്ടിയിട്ട് ഒരാഴ്ചയിലധികമായിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെ ന്നാണ് നാട്ടുകാരുടെ പരാതി. വാട്ടർ അതോറിറ്റി ഓഫീസിൽ പലതവണ അറിയിച്ചിട്ടും ഫലമുണ്ടായില്ല. പൈപ്പ് പൊട്ടിയൊഴുകുന്ന വെള്ളം മലിനമായി താഴ്ന്ന പ്രദേശങ്ങളിലെ കിണറുകളിൽ പതിക്കുന്നതിനാൽ മഞ്ഞപ്പിത്തം പോലുളള പകർച്ചവ്യാധികൾ പടർന്നു പിടിക്കുമോയെന്ന ആശങ്കയിലാണ് വീട്ടുകാർ. കഴിഞ്ഞ മാസങ്ങളിൽ കുട്ടികളടക്കം മുപ്പതിലധികം പേർക്ക് ഈ പ്രദേശത്ത് മഞ്ഞപ്പിത്തം പിടിപെട്ടിരുന്നു. വെള്ളക്കെട്ട് കാരണം വീടുകളിലുള്ളവർക്ക് മുറ്റത്തിറങ്ങാൻ പോലും പ്രയാസമായിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ പേരാമ്പ്ര സെക്ഷൻ പരിധിയിൽ പെരുവണ്ണാമൂഴിയിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളമാണ് പ്രദേശത്ത് എത്തുന്നത്. പൊട്ടിയ പൈപ്പ് നന്നാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.