കോഴിക്കോട്: ഭൂരിപക്ഷം സ്വകാര്യ ബസുകളും ഓട്ടം നിർത്തിയതോടെ യാത്രക്കാർ പെരുവഴിയിലായി. ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന് കീഴിൽ വരുന്ന സ്വകാര്യ ബസുകളാണ് സർവീസ് പൂർണമായും നിർത്തിവച്ചത്. ഇതോടെ 80 ശതമാനം ബസുകളും നിരത്തിലിറങ്ങിയില്ല. അതെ സമയം

കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷന് കീഴിലെ ബസുകൾ സർവീസ് നടത്തി. ബാലുശ്ശേരി, ഉള്ള്യേരി, അത്തോളി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ഇരുപതോളം ബസുകളാണ് സർവീസ് നടത്തിയത്.

ജില്ലയിലുളള 1800 സ്വകാര്യബസുകളിൽ ലോക്ക് ഡൗണിന് ശേഷം 300 ബസുകൾ മാത്രമാണ് സർവീസ് നടത്തിയിരുന്നത്. സമരത്തോടെ അതും നിലച്ചു. ബസുകൾ താത്കാലികമായി സർവീസ് നിർത്തിവയ്ക്കുന്നതായി കാണിച്ച് മോട്ടോർ വാഹന വകുപ്പിന് ഉടമകൾ അപേക്ഷ നൽകിയിരുന്നു. കനത്ത നഷ്ടമാണെന്നും സർവീസ് തുടരാൻ സാധിക്കില്ലെന്നും ബസ് ഉടമകൾ അപേക്ഷയിൽ ചൂണ്ടിക്കാട്ടി.

കാരണം ഇങ്ങനെ

ലഭിക്കുന്നത് തുച്ഛമായ കളക്ഷൻ. കണ്ടെയ്ൻമെന്റ് സോണുകൾ മാറി വരുന്നത് പ്രതിസന്ധി കൂട്ടി. ഒറ്റ ട്രിപ്പിൽ പത്ത് യാത്രക്കാരെ പോലും കിട്ടാത്ത അവസ്ഥ. രാവിലെയും വൈകിട്ടുമുളള ട്രിപ്പുകളിൽ മാത്രം പകുതി സീറ്റിലെങ്കിലും യാത്രക്കാർ. ഡീസൽ അടിക്കാനുളള കളക്ഷൻ പോലുമില്ല. ജീവനക്കാർക്ക് കൂലി നൽകാൻ കഴിയുന്നില്ല. 30,000 രൂപ മൂന്നുമാസം കൂടുമ്പോൾ നികുതിയടയ്ക്കണം. 4500 രൂപ ജീവനക്കാരുടെ പ്രതിമാസ ക്ഷേമനിധിയും വിഹിതവും അടയ്‌ക്കണം. ബസ് അറ്റകുറ്റപ്പണി നടത്താൻ മാസത്തിൽ 15,000 രൂപയെങ്കിലും വേണം. സർവീസ് നടത്താതെ സ്റ്റോപ്പേജ് നൽകിയാൽ നികുതി ലാഭിക്കാം.

'ഉടൻ സർവീസ് നടത്താനുള്ള സാഹചര്യമില്ല. നികുതി അടയ്ക്കുന്നത് നീട്ടിയതുകൊണ്ട് കാര്യമില്ല. നികുതി അടയ്ക്കാനുള്ള പ്രാപ്തി ബസുടമൾക്കില്ല"-ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ