hospital

കോഴിക്കോട്: പഴയ പരാധീനതകളൊക്കെ ഓർത്ത് ബീച്ച് ആശുപത്രിയെ വിലയിരുത്തിയേക്കല്ലേ, ആളിപ്പോൾ നല്ല ഹൈടെക് ആയിട്ടുണ്ട്. 22 കിടക്കകളുള്ള പുതുപുത്തൻ മെഡിക്കൽ ഐ.സി.യു, സ്ട്രോക്ക് യൂണിറ്റ്... ഒക്കെ കണ്ടാൽ ഏതോ വമ്പൻ സ്വകാര്യ ആശുപത്രിയാണെന്ന് തോന്നിപ്പോകും.

ലോകത്തെ വിറപ്പിച്ച കൊവിഡിനെ മുട്ടു കുത്തിക്കാൻ ലക്ഷ്യമിട്ടാണ് നവീകരണം. ആരോഗ്യ മന്ത്രി കെ.കെ ശൈലജയാണ് ഇന്നലെ വീഡിയോ കോൺഫറൻസിലൂടെ ഈ സംവിധാനങ്ങൾ ഉദ്ഘാടനം ചെയ്തത്. കൊവിഡ് സ്‌പെഷ്യൽ ആശുപത്രിയായാണ് ഇത് പ്രവർത്തിക്കുകയെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങിൽ എ. പ്രദീപ്കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ മുഖ്യാതിഥിയായി. എം.കെ രാഘവൻ എം.പി, ജില്ലാ കളക്ടർ സാംബശിവ റാവു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. നവീൻ, ആശുപത്രി സൂപ്രണ്ട് ഡോ. ഉമ്മർ ഫാറൂഖ് തുടങ്ങിയവർ പങ്കെടുത്തു.

മാറ്റങ്ങൾ ഇങ്ങനെ

46 ലക്ഷം രൂപയുടെ സിവിൽ പ്രവൃത്തികളാണ് നടത്തിയത്. ഇതിനു പുറമെ 13 ലക്ഷം രൂപയുടെ കേന്ദ്രീകൃത മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സിസ്റ്റം, 36 ലക്ഷം രൂപയുടെ ഉപകരണങ്ങളായ ഐ.സി.യു കോട്ട്, മൾട്ടി പാര മോണിറ്റർ, മൊബൈൽ എക്സ്‌റെ, ഇൻഫ്യൂഷൻ പമ്പ്, എ.ബി.ജി മെഷീൻ, നോൺ ഇൻവേസീവ് വെന്റിലേറ്റർ, വെന്റിലേറ്റഴ്സ്, ഡിഫിബ്രിലേറ്റർ, ഇ.സി.ജി മെഷീൻ തുടങ്ങി സ്വകാര്യ ആശുപത്രിയോടു കിടപിടിക്കുന്ന തരത്തിലുള്ള അത്യാധുനിക സാങ്കേതിക വിദ്യയോടു കൂടിയ സൗകര്യങ്ങളും ആവശ്യമായ ഫർണിച്ചറുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണ പ്രവൃത്തി നടപ്പാക്കിയത്. വിശാലമായ കാത്തിരിപ്പു കേന്ദ്രത്തോടൊപ്പം നഴ്സിംഗ് സ്റ്റേഷൻ, വർക്ക് സ്റ്റേഷൻ നവീകരിച്ച ശുചിമുറിയും തയ്യാറാക്കിയിട്ടുണ്ട്.

ഐ.സി.യു + സ്ട്രോക്ക് യൂണിറ്റ്

ചെലവ്

1 കോടി രൂപ

(ദേശീയ ആരോഗ്യ ദൗത്യം)