കോഴിക്കോട്: മെഡിക്കൽ കോളേജിലെ ഇൻസിനറേറ്റർ നിർമ്മാണം ഇഴയുന്നത് മാലിന്യ സംസ്ക്കരണത്തിന് തടസമാകുന്നു. സിറിഞ്ചുകൾ, പ്ലാസ്റ്റിക്കുകൾ, കൊവിഡ് രോഗികൾ ഉപയോഗിച്ച മാസ്കുകൾ ഉൾപ്പെടെ അജൈവ മാലിന്യങ്ങൾ ദിനംപ്രതി കൂടുന്ന സാഹചര്യത്തിലാണ് സംസ്ക്കരിക്കാനായി ഇൻസിനറേറ്റർ നിർമ്മാണം ആരംഭിച്ചത്. പതിനഞ്ച് ദിവസത്തിനുള്ളിൽ പണി പൂർത്തീകരിച്ച് പ്രവർത്തനക്ഷമമാക്കും എന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. എന്നാൽ കൊവിഡ് ഭീതി ഇൻസിനറേറ്റർ നിർമ്മാണത്തേയും ബാധിച്ചു.
ഒളിമ്പ്യൻ റഹ്മാൻ സ്‌റ്റേഡിയത്തിനടുത്ത് മലിനജല സംസ്കരണ പ്ലാൻറിന് സമീപം 45 ലക്ഷം രൂപ ചെലവഴിച്ചാണ് മണിക്കൂറിൽ 150 കിലോ ഖര മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള
ഇൻസിനറേറ്റർ സ്ഥാപിക്കുന്നത് . ഇതിനായി 12 മീറ്റർ നീളത്തിലും ആറ് മീറ്റർ വീതിയിലുമുള്ള ഷെഡിന്റെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. മേൽക്കൂര പണിയാനായി കെ.എസ്.ഇ.ബി ലൈനുകൾ മാറ്റി . ഇൻസിനറേറ്റർ മെഷീനും സ്ഥാപിച്ചു. തറയുടെ പണി പൂർത്തിയായി . എന്നാൽ പുകക്കുഴൽ , ഷെഡിന്റെ ചുമരുകൾ, മേൽക്കൂര പണിയൽ എന്നീ പ്രവൃത്തികളാണ് ബാക്കിയുള്ളത്. മലിനീകരണം കുറയ്ക്കുന്നതിന് ഇരട്ട ചേമ്പറുള്ള ഇൻസിനറേറ്ററാണ് നിർമ്മിക്കുന്നത് . കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ശുചിത്വം പാലിക്കേണ്ട മെഡിക്കൽ കോളേജിൽ മാലിന്യം കുന്നു കൂടുന്നത് രോഗികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട് .
@ ഇൻസിനറേറ്ററില്ലാത്ത ഏഴ് വർഷം
ഏഴ് വർഷമായി കോഴിക്കോട് മെഡിക്കൽ കോളേജിലെ ഇൻസിനറേറ്റർ പ്രവർത്തിക്കാറില്ല . 2000ത്തിൽ സ്ഥാപിച്ച ആദ്യത്തെ ഇൻസിനറേറ്ററിന്റെ പുകക്കുഴൽ 2013ൽ ദ്രവിച്ച് ഉപയോഗശൂന്യമായി. ഇതോടെ മാലിന്യ സംസ്ക്കരണത്തിന് പല വഴികൾ നോക്കിയെങ്കിലും പരിഹാരമായില്ല. ഒടുവിൽ പുകക്കുഴൽ തകർന്ന ഇൻസിനറേറ്ററിൽ കത്തിക്കൽ തുടർന്നു . ഐ.എം.സി.എച്ചിലെയും ഇൻസിനറേറ്റർ കേടായിട്ട് രണ്ട് വർഷമായി. ഇതിലും കത്തിക്കൽ തുടരുകയാണ് .
@ കുന്നുകൂടുന്ന മാലിന്യം
ഉപയോഗിച്ചു കഴിഞ്ഞ സിറിഞ്ച് ബോട്ടിലുകളും മരുന്ന് കുപ്പികളുമുൾപ്പെടെ രണ്ടായിരത്തോളം കിലോ മാലിന്യമാണ് ഒരുദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പുറംതള്ളുന്നത്. ഇവ സംസ്കരിക്കാൻ കഴിയാത്തതിനാൽ അത്യാഹിത വിഭാഗം, സൂപ്പർ സ്പെഷ്യാലിറ്റി, ചെസ്റ്റ് ആശുപത്രി, ദന്തൽ കോളേജ് പരിസരം എന്നിവിടങ്ങളിലെല്ലാം പ്ലാസ്റ്റിക് കവറിൽ കെട്ടിവച്ചിരിക്കുകയാണ്. മാലിന്യ പ്രശ്നം രൂക്ഷമായതോടെ മൈസൂരിലെ സംസ്‌കരണ പ്ലാന്റിലേക്ക് കൊണ്ടുപോയിരുന്നു. ഇടയ്ക്ക് വഴിയിൽ മാലിന്യം തള്ളിയതിന്റെ പേരിൽ പൊലീസ് വന്നതോടെ അതും നിന്നു. പിന്നീട് ഗ്രൗണ്ടിന് സമീപം ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് മൂടിയപ്പോൾ നാട്ടുകാർ പ്രതിഷേധിച്ചതിനാൽ ഉപേക്ഷിച്ചു . പ്ലാസ്റ്റിക് കുപ്പികളും മറ്റ് മാലിന്യങ്ങളും നിർമ്മാർജനം ചെയ്യാൻ ക്ലീൻ കേരള മിഷന് ഒരു വർഷത്തേക്ക് കരാർ നൽകിയെങ്കിലും ലോക്ക് ഡൗണായതോടെ അതും നിലച്ചു . ബയോ മെഡിക്കൽ മാലിന്യങ്ങൾ ഐ.എം.എയുടെ പാലക്കാട്ടെ ഇമേജിലേക്ക് കൊണ്ടുപോകുന്നത് മുടക്കമില്ലാതെ തുടരുന്നുണ്ട്.
" ഇൻസിനറേറ്റർ നിർമ്മാണം 90 ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ അതും പൂർത്തീകരിച്ച് മാലിന്യ സംസ്കരണം ആരംഭിക്കും " .- കുട്ടൻ, മെഡിക്കൽ കോളേജ് ഹെൽത്ത് സൂപ്രണ്ട്