കോഴിക്കോട്: ട്രോളിംഗ് നിരോധനത്തിന് ശേഷം അഞ്ച് മുതൽ മത്സ്യബന്ധനം ആരംഭിക്കാനിരിക്കെ മത്സ്യബന്ധന തൊഴിലാളികൾക്കിടയിലും സർക്കാരിന്റെ കരുതൽ. ജില്ലക്ക് പുറത്തു നിന്നുള്ള തൊഴിലാളികൾ കൊവിഡ് ജാഗ്രതാ പോർട്ടലിലെ വിസിറ്റേഴ്സ് രജിസ്റ്ററിൽ പേര് ചേർത്ത് പാസ് എടുക്കണമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ അഭ്യർത്ഥിച്ചു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രജിസ്റ്റർ ചെയ്തവർക്ക് തിരിച്ചറിയൽ കാർഡ് നൽകും. പാസില്ലാതെ പ്രവേശിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും. കോസ്റ്റൽ പൊലീസ്, ഫിഷറീസ് ഡിപ്പാർട്ട്മെന്റ് എന്നിവരുടെ നേതൃത്വത്തിലാകും പരിശോധന.

സമ്പർക്ക രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ഇടപെടൽ. പൊതുസ്ഥലങ്ങളും മാർക്കറ്റുകളും വ്യാപാരസ്ഥാപനങ്ങളും മാളുകളും സന്ദർശിക്കുന്ന വ്യക്തികൾ കൊവിഡ് ജാഗ്രത പോർട്ടലിലെ വിസിറ്റേഴ്സ് രജിസ്റ്ററിൽ പേര് ചേർക്കണം.

സ്വകാര്യ ലാബുകളുമായി സഹകരിച്ച് കൊവിഡ് ടെസ്റ്റുകൾ വർദ്ധിപ്പിക്കും. ചർച്ചകൾ പുരോഗമിക്കുകയാണ്. ബീച്ച് ആശുപത്രി കൊവിഡ് ആശുപത്രിയായി മാറ്റുന്നതോടെ ഒ.പി യൂണിറ്റുകൾ കാരപ്പറമ്പിലെ ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റും. ഇവിടത്തെ ഡയാലിസിസ് യൂണിറ്റിന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സൗകര്യമൊരുക്കും.

രോഗവ്യാപനം തടയുന്നതിനായി ക്ലസ്റ്ററുകളിലും കണ്ടെയ്ൻമെന്റ് സോണുകളിലും കൂടുതൽ പരിശോധനകൾ നടത്തും. സർക്കാർ ഉദ്യോഗസ്ഥർക്കായി ചാത്തമംഗലം നീലിറ്റ് കാമ്പസിൽ പ്രത്യേക എഫ്.എൽ.ടി.സി സജ്ജമാക്കും. കളക്ടർ സാംബശിവ റാവു പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജില്ലാ പൊലീസ് മേധാവി എ.വി ജോർജ്ജ്, റൂറൽ എസ്.പി ഡോ. എ. ശ്രീനിവാസ്, സബ് കളക്ടർ ജി. പ്രിയങ്ക, ഡെപ്യൂട്ടി കളക്ടർമാരായ ഷാമിൻ സെബാസ്റ്റ്യൻ, ഇ. അനിത കുമാരി, സി. ബിജു, ടി. ജനിൽകുമാർ ഡി.എം.ഒ ഡോ. വി. ജയശ്രീ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ആൾക്കൂട്ട മേഖലകൾ നിരീക്ഷിക്കാൻ

വില്ലേജ് ഓഫീസർമാരുടെ സ്‌ക്വാഡ് 118

പൊലീസിന്റെ ക്വിക്ക് റെസ്‌പോൺസ് ടീം 10

സ്വയം സന്നദ്ധരായി

370 ആബുലൻസ് ഡ്രൈവർമാർ