dance
dance

കോഴിക്കോട്: കൊവിഡിൽ അഴിഞ്ഞുവീണ ചിലങ്കയിൽ ജീവിത താളമിടറി ജില്ലയിലെ നൂറോളം നൃത്ത അദ്ധ്യാപകർ. ലോക്ക് ഡൗൺ ഇളവുകൾ വന്നിട്ടും നൃത്ത പരിശീലനത്തിന് തിരിതെളിയാത്തതിന്റെ സങ്കടതുരുത്തിലാണിവർ. ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ ഓൺലൈൻ ക്ലാസുകൾ നടക്കുന്നതൊഴിച്ചാൽ നൃത്ത വിദ്യാലയങ്ങൾ നിശ്ചലമാണ്. പരിശീലനത്തിന് എത്തുന്നതിൽ ഭൂരിഭാഗവും 15 വയസിന് താഴെയുള്ള കുട്ടികളായതിനാൽ ഓൺലൈൻ പഠനം പ്രായോഗികമല്ലെന്നാണ് അദ്ധ്യാപകർ പറയുന്നത്. വീഡിയോ ക്ലാസുകളിൽ മുദ്രകളും താളങ്ങളും മനസിലാക്കാൻ കുട്ടികൾ ഏറെ ബുദ്ധിമുട്ടുകയാണ്.

കുട്ടികൾക്ക് ക്ലാസെടുത്ത് കിട്ടുന്ന വരുമാനമായിരുന്നു ഇവരുടെ പ്രധാന ഉപജീവന മാർഗം. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ സ്​റ്റേജ് പരിപാടികളിലൂടെ ലഭിക്കുന്ന വരുമാനവും കൊവിഡ് കവർന്നു. മാസങ്ങളായി വരുമാനം നിലച്ചതോടെ പല കലാകാരന്മാരുടെയും കുടുംബം പട്ടിണിയുടെ വക്കിലാണ്. പ്രളയത്തെ തുടർന്ന് സ്‌കൂൾ കലോത്സവങ്ങളും ആരാധനാലയങ്ങളിലെ ആഘോഷങ്ങളും ഉപേക്ഷിച്ചതുമുതൽ തുടങ്ങിയതാണ് ഇവരുടെ കഷ്ടകാലം. തൊട്ടുപിറകെ കൊവിഡ് കൂടി എത്തിയതോടെ ജീവിതം കൂടുതൽ പരീക്ഷണമായി. കൊവിഡ് വ്യാപന ഭീഷണിയെ തുടർന്ന് സ്‌കൂളുകൾ നേരത്തെ അടയ്ക്കുകയും വാർഷികാഘോഷങ്ങൾ ഉപേക്ഷിക്കുകയും ചെയ്തത് വലിയ തിരിച്ചടിയായിരുന്നു. ഇതോടൊപ്പം കുട്ടികളുടെ അരങ്ങേ​റ്റവും വേനലവധി ക്ലാസുകളും ലോക്കായതാണ് വരുമാന മാ‌ർഗം അടഞ്ഞുപോയത്.നൃത്താദ്ധ്യാപകരുടെ മാത്രമല്ല കലാ പരിശീലനം കൊണ്ട് ഉപജീവനം നടത്തുന്ന 90 ശതമാനം കലാകാരൻമാരുടെയും ജീവിതം വഴിമുട്ടിയ നിലയിലാണ്. നൃത്ത അദ്ധ്യാപകരോടൊപ്പം പ്രവർത്തിക്കുന്ന മേക്കപ്പ് ആർട്ടിസ്​റ്റുകൾ, ഓർക്കസ്ട്ര ടീമുകൾ, അടയാഭരണങ്ങൾ തയ്യാറാക്കുന്നവർ തുടങ്ങിയവരും ദുരിതത്തിലാണ്.കൊവിഡ് ചട്ടങ്ങൾക്കുള്ളിൽ സാമൂഹിക അകലം പാലിച്ച് നൃത്ത-സംഗീത പരിശീലനത്തിന് അനുമതി നൽകണമെന്നാണ് ഇവരുടെ ആവശ്യം.

പ്രതിസന്ധികൾ

ഓൺലൈൻ നൃത്ത പരിശീലനം പ്രായോഗികമല്ല. വീട്ടിലെത്തിയുള്ള ക്ലാസുകൾക്ക് വിലക്ക്. കുട്ടികളുടെ അരങ്ങേറ്റം നിലച്ചു. അനുബന്ധ കലാകാരന്മാർക്കും വരുമാനം ഇല്ലാതായി. നൃത്ത വിദ്യാലയങ്ങളുടെ കെട്ടിട വാടക മുടങ്ങുന്നു.

" പരിശീലനത്തിന് എത്തുന്നതിൽ ഭൂരിഭാഗവും 15 വയസിന് താഴെയുള്ള കുട്ടികളാണ്. അതിനാൽ ഓൺലൈൻ പഠനം പ്രായോഗികമല്ല, ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ച് പരിശീലനം നടത്താൻ അനുമതി നൽകണം". ദിനേശ് കുമാർ, നൃത്ത അദ്ധ്യാപകൻ ശിവാഞ്ജലി നൃത്തകലാലയം.