ps-sreedaran-pillai

കോഴിക്കോട്: മിസോറാം ഗവർണർ പി.എസ്.ശ്രീധരൻപിള്ള ലോക്ക് ഡൗൺ കാലത്ത് രചിച്ച 13 പുസ്തകങ്ങൾ പുറത്തിറങ്ങുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി കവിതകൾ, ലേഖനങ്ങൾ, ചരിത്രം, ക്ഷേത്രങ്ങൾ, വ്യക്തിത്വങ്ങൾ, കോടതി നർമ്മങ്ങൾ, ഓർമ്മക്കുറിപ്പുകൾ, നിയമ ലേഖനങ്ങൾ തുടങ്ങിയവയാണ് രചനകളിലുള്ളത്. ദ സ്പീക്‌സ് ഗവർണർ, ഓ മിസോറാം, ദി റിപ്പബ്ലിക്, ജസ്റ്റിസ് ടു ഓൾ പ്രജുഡൈസ് ഡെസ് ടൂ നൺ എന്നീ ഇംഗ്ലീഷ് പുസ്തകങ്ങളും, കൊറോണ കവിതകൾ, നിയമവീഥിയിലൂടെ, തത്സമയ ചിന്തകൾ, ഗൗണിലെ സ്ത്രീ രത്‌നങ്ങൾ, ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങൾ, സാമൂഹ്യ സമരസത, ഓർമ്മയിലെ വീരേന്ദ്രകുമാർ, ആകാശവീഥിയിലെ കുസുമങ്ങൾ, ചിരിയും ചിന്തയും കറുത്ത കോട്ടിൽ എന്നിവയാണ് പ്രകാശനത്തിന് തയ്യാറായ പുസ്തകങ്ങൾ. 36 കവിതകളടങ്ങിയ ഇംഗ്ലീഷ് കവിതാ സമാഹാരമാണ് ഓ, മിസോറാം. മലയാള കവിതാ സമാഹാരത്തിലെ ഭൂരിപക്ഷം കവിതകളും ലോക്ക് ഡൗൺ ആശയം ഉൾക്കൊള്ളുന്നതാണ്. മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം ആഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക് ഐസ്വാൾ രാജ്ഭവനിൽ നടക്കും. പ്രകാശന ചടങ്ങ് മിസോറാം മുഖ്യമന്ത്രി സൊറാങ് താഗ് ഉദ്ഘാടനം ചെയ്യും. ഗോഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് ലാംബ പുസ്തകങ്ങൾ പ്രകാശനം ചെയ്യും. മിസോറാം മുൻ മുഖ്യമന്ത്രിയും പ്രദേശ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷനുമായ ലാൽതൻഹോല മുഖ്യപ്രഭാഷണം നടത്തും. ആസാം റൈഫിൾസ് മിസോറാം മേധാവി ബ്രിഗേഡിയർ എസ്. വിനോദ് സംസാരിക്കും. മറ്റ് പുസ്തകങ്ങൾ ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലായി കേരളം, ഡൽഹി, കൊൽക്കത്ത, ഐസ്വാൾ എന്നിവിടങ്ങളിൽ കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രകാശനം ചെയ്യും.