സുൽത്താൻ ബത്തേരി: തുടർച്ചയായി 23 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച ബത്തേരിയിൽ രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ ഒരു കൊവിഡ് ബാധ സ്ഥിരീകരിച്ചു. ബത്തേരി താലൂക്ക് ആശുപത്രിയിൽ നടന്ന ആന്റിജൻ പരിശോധനയിലാണ് ചെതലയം സ്വദേശിയായ 22 കാരന് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ ബത്തേരിയിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 24 ആയി.
ബത്തേരിയിലെ പലചരക്ക് മൊത്തവ്യാപരകേന്ദ്രത്തിൽ നിന്ന്‌രോഗം ബാധിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 21 പേരുടെ സ്രവ പരിശോധനയാണ് ഇന്നലെ നടത്തിയത്. മൊത്തവ്യാപാര സ്ഥാപനമായ ഇവിടെ നിന്ന് സാധനങ്ങൾ വാങ്ങി കടകളിൽ കൊണ്ടുപോയി കച്ചവടം നടത്തുന്നവരുടെ എണ്ണം ഏറെയാണ്.
ബത്തേരി താലൂക്കിലെ മീനങ്ങാടി, പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളൊഴിച്ചുള്ള ബാക്കി പഞ്ചായത്തുകളിലെ മിക്ക കച്ചവടക്കാരും സാധനങ്ങൾ എടുക്കുന്നത് ഇവിടെനിന്നാണ്. അതുകൊണ്ട് തന്നെ സമ്പർക്ക പട്ടിക വളരെ വലുതാണ്.
ബത്തേരിയിലും പരിസര പ്രദേശങ്ങളിലും രോഗവ്യാപനം ഉണ്ടായതിനാൽ വിവിധകേന്ദ്രങ്ങളിലായി കഴിഞ്ഞ ദിവസങ്ങളിൽ മൊബൈൽ ടീം ആന്റിജൻ ടെസ്റ്റ് നടത്തി. ബത്തേരി താലൂക്ക് ആശുപത്രിയിൽ തുടർച്ചയായി സ്രവ പരിശോധന നടത്തുന്നുമുണ്ട്. എന്തെങ്കിലും രോഗലക്ഷണം കാണുന്നവർ അടിയന്തിരമായി ആരോഗ്യ വകുപ്പിനെയോ നഗരസഭയുടെ കണ്ടട്രോൾ നമ്പറിലോ അറിയിക്കാൻ ആരോഗ്യ വകുപ്പ് അറിയിച്ചു.
ആശുപത്രിക്കെതിരെ വ്യാജപ്രചരണം
സുൽത്താൻ ബത്തേരി: ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും കൊവിഡാണെന്ന വ്യാജ സന്ദേശം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ ബത്തേരി താലൂക്ക് കമ്മറ്റി ആവശ്യപ്പെട്ടു.
അടിസ്ഥാനരഹിതമായ ഇത്തരം വ്യാജ പ്രചാരണങ്ങൾ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തും. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് സ്വകാര്യ ആശുപത്രികൾ പ്രവർത്തിക്കുന്നത്. സ്വന്തം ജീവൻ പോലും സുരക്ഷിതമല്ലെന്ന് അറിഞ്ഞിട്ടും രോഗികളെ പരിചരിക്കുന്ന ഡോക്ടർക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരെയുള്ള ഇത്തരം ആരോപണം ഖേദകരമാണ്. പ്രസിഡന്റ് അഡ്വ.പി.ഡി.വർഗ്ഗീസ്,സെക്രട്ടറി ഡോ.സലീം എന്നിവർ സംസാരിച്ചു.